നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത നടപ്പിലാവാതിരിക്കാൻ ഗൂഢശ്രമങ്ങൾ നടക്കുന്നെന്ന് ആക്ഷൻ കമ്മിറ്റി. സർവേ നടപടികൾ അരംഭിക്കുന്നതിന് കർണാടകയോട് കേരളം ആവശ്യപ്പെടാത്തത് ഇതിന്റെ ഭാഗമാണെന്നും പദ്ധതിയിൽ നിന്നും ഡി.എംആർസിയെ മാറ്റാൻ ശ്രമം നടക്കുന്നെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നു.
കൊച്ചിയിൽ നിന്നും ഏഴ് മണിക്കൂർ കൊണ്ട് ബെംഗളൂരുവിൽ എത്തുന്നതാണ് നിലമ്പൂർ -നഞ്ചൻകോട് പാത. കേന്ദ്രാനുമതി ലഭിച്ച മുപ്പത് സംയുക്ത സംരഭ പദ്ധതികളിൽ ഒന്നു കൂടിയായിരുന്നു ഇത്. ഡി.പി.ആർ തയാറാക്കാൻ ഡി.എംആർസിയെയാണ് കഴിഞ്ഞവർഷം ചുമതലപ്പെടുത്തിയത്. ഇതിനായി സംസ്ഥാനസർക്കാർ എട്ടുകോടി രൂപ വകയിരുത്തുരയും ചെയ്തു. ഉപഗ്രഹസർവേ ട്രാഫിക് സർവേ അലൈൻമെന്റ് എന്നിവ പൂർത്തിയാക്കിയിരുന്നു.
ഇത്രയും പ്രവർത്തനങ്ങൾ നടന്നിട്ടും ഫണ്ട് നൽകാതെ ഡി.എംആർസി.യെ ഒഴിവാക്കാൻ ശ്രം നടക്കുന്നു എന്നാണ് ആക്ഷേപം. കർണാടകയുടെ പക്കലുള്ള ഭൂമിയിൽ സർവേ നടത്താൻ ഔദ്യോഗികമായി കേരളം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
ശക്തമായ ജനകീയ സമരം നടത്താനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ആദ്യ പടിയായി കലക്ടറേറ്റിന് മുന്നിൽ നാളെ പ്രതീകാത്മക മനുഷ്യ റയിൽപാത സംഘടിപ്പിക്കും.