വെള്ളിയാഴ്ച തുടങ്ങുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ ദീപശിഖ പാലായിലെത്തി. ഒളിംപ്യൻ ഷൈനി വിൽസൻ ഉൾപ്പെടെയുള്ള താരങ്ങൾ ദീപശിഖാ പ്രയാണത്തിൽ പങ്കു ചേർന്നു. വെള്ളിയാഴ്ച രാവിലെ ഏഴിന് മൽസരങ്ങൾ തുടങ്ങും
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായിക മേളയുടെ ദീപശിഖാ പ്രയാണത്തിന് പാലായുടെ മണ്ണിൽ ആവേശോജ്ജ്വല വരവേൽപ്. കെ.എം. മാണിയിൽ നിന്ന് ഒളിംപ്യൻ ഷൈനി വിൽസൺ ദീപശിഖ ഏറ്റുവാങ്ങി. ജോസി മാത്യു ഉൾപ്പെടെയുള്ള മുൻ താരങ്ങളും ജനപ്രതിനിധികളും റാലിയിൽ അണി ചേർന്നു. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും അകമ്പടിയായി
കഴിഞ്ഞ ദിവസം കോഴിക്കോടു നിന്നും പുറപ്പെട്ട ദീപശിഖാ പ്രയാണം രാവിലെ പൂഞ്ഞാറിലെത്തി. ജി.വി.രാജയുടെ സ്മൃതി മണ്ഡപത്തിലെ കെടാവിളക്കിൽ നിന്നം സഹോദരി അത്തം നാൾ അമ്പിക തമ്പുരാട്ടി പകർന്നു നൽകിയ തീ നാളം പി.സി. ജോർജ് എംഎൽഎ ഇന്ത്യൻ താരം എം.എ പ്രജുഷയ്ക്ക് കൈമാറി. അവിടെ നിന്നും പുറപ്പെട്ട റാലി ഉച്ചയ്ക്ക് ശേഷം പാലായിലെത്തി.
വെള്ളിയാഴ്ച രാവിലെ ഏഴിന് മൽസരങ്ങൾ തുടങ്ങും. ഒൻപതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പതാക ഉയർത്തും. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കായികോൽസവം ഉദ്ഘാടനം ചെയ്യും. നാലു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 95 ഇനങ്ങളിലായി മൂവായിരത്തോളം കായിക താരങ്ങളാണ് മൽസരിക്കുന്നത്.