രാജ്യാന്തര അത്‌ലറ്റിക് മൽസരങ്ങളിൽവരെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും മാസ്റ്റേഴ്സ് താരങ്ങളോട് സംസ്ഥാന സർക്കാരിന് അവഗണനയെന്ന് ആരോപണം. കൊച്ചിയിൽ നടന്ന ഓൾ കേരള സീനിയർ സിറ്റിസൺ അത്്ലറ്റിക്ക് മീറ്റാണ് പരാതികളുടെകൂടി വേദിയായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നുറ്റിഅൻപത് താരങ്ങൾ മീറ്റിൽ പങ്കെടുത്തു.
ഇത് കുമരകം സ്വദേശികളായ അന്നയും ഐസകും. പ്രായം എഴുപത് കഴിഞ്ഞെങ്കിലും ട്രാക്കിൽ ഇന്നും സജീവമാണ് ഈ ദമ്പതികൾ.
ഇവരെ പോലെ അറുപത് വയസ് പിന്നിട്ട മുന്നൂറ്റിഅൻപതു പേരാണ് വിവിധ മൽസരങ്ങളിൽ പങ്കെടുത്തത്.വനിത വിഭാഗത്തിലെ ഏറ്റവും മുതിർന്ന താരയമായ എൺപതുകാരി സാവിത്രി അമ്മ ത്രോ ഇനങ്ങളിൽ മൂന്ന് സ്വർണമാണ് സ്വന്തമാക്കിയത്.
പുരുഷ താരങ്ങളിലെ സീനിയറായ എൺപത്തിയാറുകാരൻ ജോൺ മാത്യുവും സ്വർണം നേടി.മനസ് ദൃഢമായിരുന്നെങ്കിലും പ്രായവും കനത്ത വെയിലും ചിലരെയെങ്കിലും തളർത്തി.
മാസ്റ്റേഴ്സ് മീറ്റുകളില്‍ രാജ്യാന്തര തലത്തിൽ പങ്കെടുക്കുകയും ഒന്നാമതെത്തുകയും ചെയ്തവരുമുണ്ട് ഈക്കൂട്ടത്തിൽ. സ്വന്തം പണം ചെലവാക്കി നേട്ടങ്ങളുമായെത്തിയിട്ടും സംസ്ഥാന സർക്കാരോ കായിക വകുപ്പോ ഒരു നല്ലവാക്കുപോലും ഇതുവരെ പറഞ്ഞിട്ടില്ല. കൊച്ചി നഗരസഭയുടെ സഹകരണത്തോടെ വിവിധ സംഘടകൾ ചേർന്നാണ് സീനിയർ സിറ്റിസൺ അത്്ലറ്റിക്ക് മീറ്റ് സംഘടിപ്പിച്ചത്.