അറുപത്തി ഒന്നാം സ്കൂൾ കായികോത്സവത്തിൽ ചാംപ്യൻപട്ടം തിരിച്ചുപിടിച്ച് എറണാകുളം ജില്ല. 34 സ്വർണവും 16 വെള്ളിയും 21 വെങ്കലവുമുൾപ്പെടെ 258 പോയിന്റുമായാണ് എറണാകുളം ചാംപ്യൻമാരായത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ പാലക്കാടിന് 185 പോയിന്റേ നേടാനായുള്ളു. 109 പോയിന്റ് നേടിയ കോഴിക്കോടാണ് മുന്നാമത്. സ്കൂൾ വിഭാഗത്തിൽ 75 പോയിന്റെ കോതമംഗലം മാർ ബേസിൽ ചാംപ്യൻമാരായി. 63 പോയിന്റ് നേടിയ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോൺസ് സ്കൂൾ രണ്ടാമതായി.
ട്രാക്കിലും ഫീൽഡിലും ഒരു പോലെ മികവു പുലർത്തിയാണ് എറണാകുളവും മാർ ബേസിലും ചാമ്പ്യൻമാരായത്. മാർ ബേസിലിന്റ ആദർശ് ഗോപി സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും അനുമോൾ തമ്പി പെൺകുട്ടികളുടെ വിഭാഗത്തിലും അഭിഷേക് മാത്യു ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും പി. അഭിഷ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും ചാംമ്പ്യൻമാരായി.
സ്പ്രിന്റ് ഡബിൾ ഉൾപ്പെടെ മൂന്നു സ്വർണം നേടിയ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലെ അപർണാ റോയിയും അനുമോൾ തമ്പിക്കൊപ്പം ചാംപ്യൻ പട്ടം പങ്കിട്ടു. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്പ്രിന്റ് ഡബിൾ നേടിയ ആൻസി സോജനാണ് ചാമ്പ്യൻ. നാട്ടിക സർക്കാർ ഫിഷറീസ് സ്കൂളിലെ വിദ്യാർത്ഥിയാണ്. സെന്റ് ജോർജിന്റെ മണിപ്പൂർ താരം തഞ് ജാം അ ലേർട്ടൺ സിംഗാണ് ആൺകുട്ടികളിൽ വ്യക്തഗത ചാപ്യൻ. ചതുർദിന മീറ്റിൽ ദേശീയ റെക്കോഡ് മറികടന്ന എഴു പ്രകടനങ്ങൾ കണ്ടു. 14 മീറ്റ് റെക്കോഡുകളും മാറ്റിയെഴുതി.