ബേപ്പൂരിനടുത്ത് പുറംകടലില്‍ ബോട്ട് മുങ്ങിയ സംഭവത്തില്‍ കപ്പലിടിച്ചതിന് തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. രണ്ട് വിദേശ കപ്പലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ് . കപ്പലുകളോട് ഇന്ത്യന്‍ തീരത്ത് തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ബേപ്പൂര്‍ തീരത്ത് നിന്ന് അമ്പത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്.അപകട സമയത്ത് ആ വഴി കടന്ന് പോയ രണ്ട് വിദേശ കപ്പലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മെര്‍ക്കന്‍റൈന്‍ മറൈന്‍ ഡിപ്പാര്‍ട്ട് മെന്റ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അപകടം നടന്ന സ്ഥലം സമയം എന്നി കാര്യങ്ങളില്‍ വ്യക്തതയില്ല.
വിദേശ രാജ്യങ്ങളുടെ ഫ്ലാഗ് അഡ്മിനിസ്ട്രേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ അന്വേഷണം തുടരുകയാണ്. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കേസ് റജിസ്ട്രര്‍ ചെയ്യപ്പെടുന്നത് അത് കൊണ്ട് തന്നെ വോയേജ് ഡാറ്റ റെക്കോര്‍ പോലുള്ള നിര്‍ണായകമായ പല ഡിജിറ്റല്‍ തെളിവുകളും നഷ്ടപ്പെട്ടിരിക്കാനുള്ള സാധ്യതയും തളളിക്കളയാനാകില്ല. മൂന്നാമതൊരു കപ്പലും അപകടം നടന്ന സമയത്ത് ആ വഴികടന്ന് പോയതായി സംശയിക്കുന്നുണ്ട്.