ഫിലിപ്പീൻസിൽ കപ്പലപകടം നടന്ന് ഒരാഴ്ചപിന്നിട്ടിട്ടും കാണാതായ ക്യാപ്റ്റന്‍ മലയാളി രാജേഷ് നായരടക്കമുള്ള പത്തുപേരെക്കുറിച്ച് ഒരുവിവരവുമില്ല. ദിവസങ്ങൾകഴിഞ്ഞതോടെ കപ്പൽകമ്പനിയും സർക്കാർസംവിധാനങ്ങളും കാര്യക്ഷമമായി പ്രതികരിക്കുന്നില്ലെന്ന് രാജേഷിന്റെ കുടുംബം മനോരമന്യൂസിനോട് പറഞ്ഞു. അതേസമയം, കാലാവസ്ഥ പ്രതികൂലമായതിനാൽ, കാണാതായവർക്കായുള്ള തിരച്ചിൽ വീണ്ടുംനിർത്തിവച്ചതായാണ് വിവരം.
ഒരാഴ്ചകഴിഞ്ഞു ഫിലിപ്പീൻസിൽ കപ്പലപകടംനടന്നിട്ട്. അന്നുമുതൽ മുംബൈ വിരാറിലെ ഈവീട്ടില്‍ രാജേഷിന്റെ ഭാര്യയും രണ്ടുകുട്ടികളും, പിന്നെ, നാട്ടിൽനിന്നെത്തിയ ബന്ധുക്കളും കാത്തിരിക്കുകയാണ്. ആശാവഹമായ ഒരു വാർത്തയ്ക്കായി. എന്നാൽ, പ്രതികരിക്കേണ്ടവർപോലും മൗനംതുടരുന്നതോടെ ഇനി എന്തുചെയ്യണമെന്ന് ഇവർക്കറിയില്ല. രാജേഷ് ജോലിചെയ്തിരുന്ന ചെന്നൈ ആസ്ഥാനമായുള്ള കപ്പൽകമ്പനിയിൽനിന്ന് ആദ്യദിവസങ്ങളിൽ പ്രതികരണംലഭിച്ചു. പക്ഷെ, ഇപ്പോഴവർ തിരച്ചിലിനെക്കുറിച്ചോ, തുടർനടപടികൾ സംബന്ധിച്ചോ ഒന്നുംപറയുന്നില്ല.
തമിഴ്നാട്, ബീഹാർ, ഉത്തർപ്രദേശ്, ആൻഡമാൻ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവരാണ് രാജേഷിനൊപ്പം കാണാതായ മറ്റുള്ളവർ. പതിനാറുപേർ രക്ഷപെട്ടു. പക്ഷെ, കാര്യവിവരങ്ങളന്വേഷിക്കാൻ രക്ഷപെട്ടവരുമായിപോലും ഈ കുടുംബത്തിന് ഇതുവരെ സംസാരിക്കാനായിട്ടില്ല.
കേന്ദ്രമന്ത്രി സുഷമാസ്വരാജ് നേരത്തെ രാജേഷിന്റെ ഭാര്യയുമായി സംസാരിച്ചിരുന്നു. എന്നാൽ, കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയായ രാജേഷിന്‍റെ കുടുംബത്തെ സഹായിക്കുന്നതിനോ, കേന്ദ്രസർക്കാരില്‍ സമ്മർദംചെലുത്താനോ കേരളത്തിൽനിന്നുള്ള ജനപ്രതിനിധികളാരും തയ്യാറായിട്ടില്ല.