പസഫിക് സമുദ്രത്തില്‍ മലയാളി ക്യാപ്റ്റന്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ട ചരക്കുകപ്പല്‍ മുങ്ങിയത് മിനിട്ടുകള്‍ക്കുള്ളില്‍. അതിനാല്‍ ലൈഫ് ജാക്കറ്റ് ഉപയോഗിക്കാനുള്ള സാവകാശംപോലും ജീവനക്കാര്‍ക്ക് കിട്ടിയില്ല. കാണാതായ മലയാളി ക്യാപ്റ്റന്‍ രാജേഷ് ഉള്‍പ്പെടെയുള്ള 11പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. രക്ഷപ്പെട്ട 15പേരെ രണ്ടു കപ്പലുകളിലായി കരയ്ക്കെത്തിക്കും.
അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ ദ്രാവകമായി മാറി കപ്പലിന്റെ ബാലന്‍സ് തെറ്റിക്കുന്ന നിക്കല്‍ അയിരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിന്‍റെ ബാലന്‍സ് നഷ്ടപ്പെട്ട് മിനുട്ടുകള്‍ക്കുള്ളില്‍ മുങ്ങുകയായിരുന്നു. സാധാരണ കപ്പല്‍ അപകടത്തില്‍പ്പെട്ടാല്‍ പൂര്‍ണമായും മുങ്ങാന്‍ മണിക്കൂറുകളെടുക്കും. ലൈഫ് ജാക്കറ്റും സുരക്ഷാ ബോട്ടുകളും ഉപയോഗിച്ച് രക്ഷപ്പെടാനുള്ള സാവകാശം ജീവനക്കാര്‍ക്ക് ലഭിക്കും. എന്നാല്‍ എം.വി എമറാള്‍ഡ് സ്റ്റാര്‍ മുങ്ങാന്‍ എടുത്ത സമയം പത്തു മിനുട്ടില്‍ താഴെയാണ്. അതിനാല്‍ ലൈഫ് ജാക്കറ്റ് അണിഞ്ഞുനിന്നവര്‍ക്കു മാത്രമേ രക്ഷപ്പെടാന്‍ സാധിച്ചുള്ളൂ. ബാക്കിയുള്ളര്‍ അപകടത്തില്‍പ്പെട്ടു.
അപകടം നടന്ന സ്ഥലത്തെ കടലിന്‍റെ താപനില 28 ഡിഗ്രിയാണ്. കടല്‍ക്ഷോഭമുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു. രക്ഷപ്പെട്ടവരെ രണ്ടു കപ്പലുകളിലായി കരയ്ക്കെത്തിക്കും. എന്‍ജിനീയര്‍മാരായ സുരേഷ് കുമാര്‍, അലങ് റാം, കറുപ്പയ്യ രംഗസ്വാമി, ഇലക്ട്രീഷ്യന്‍ സുഭാഷ് ലൂര്‍ദ്സ്വാമി, മുഹമ്മദ് ഇര്‍ഫാന്‍, സതീഷ്, റാം കൈലാഷ്, രഞ്ജിത്, ജഗന്‍ ശെല്‍വേന്ദ്രന്‍, കാര്‍ത്തികേയന്‍, പ്രകാശ് എന്നിവരടക്കം 15 പേരെയാണ് രക്ഷിച്ചത്. ദുബായ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ചുമതല മുംബൈ ആസ്ഥാനമായ വൃദ്ധി മാരിടൈമിനാണ്.