ഫിലിപ്പിൻസില്‍ ചരക്കുകപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരെക്കുറിച്ച് സൂചനയൊന്നുമില്ല. കാലാവസ്ഥ അനുകൂലമായതോടെ തിരച്ചില്‍ ഊർജിതമാക്കിയെങ്കിലും ഇനിയും വിവരമൊന്നും ലഭ്യമായിട്ടില്ലെന്ന് ഫിലിപ്പീൻസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. ഇന്ത്യൻ നാവികസേയുടെ ഒരുകപ്പലും ഒരു വിമാനവും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
ജപ്പാൻ, ചൈന, ഫിലിപ്പീൻസ് തീരദേശസേനകള്‍ സംയുക്തമായി നടത്തുന്ന തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. എന്നാൽ, ഇന്ത്യയുടെ ഇടപെടൽ കണക്കിലെടുത്ത് തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് കാലാവസ്ഥ പ്രതികൂലമായിരുന്ന സാഹചര്യം ഇപ്പോൾ മാറിയിട്ടുണ്ട്. ഈ സാഹചര്യം കണക്കാക്കി തിരച്ചിൽ ഊർജിതമാക്കിയതായാണ് വിവരം. ഇതിനിടെ ഇന്ത്യന്‍ നാവികസേനയുടെ ഒരുകപ്പലും, ഒരു വിമാനവും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിനൊപ്പം, തിരച്ചിലൽ നടത്തുന്ന ഇതരരാജ്യങ്ങളുടെ തീരദേശസേനയെ സഹായിക്കുകയുമാണ് ലക്ഷ്യം. അനുവദനീയമായ അളവിൽകൂടുതൽ നിക്കൽ അയിരുമായി ഇന്തോനേഷ്യയില്‍നിന്ന് ചൈനയിലേക്കുള്ള യാത്രയ്ക്കിടെ വെള്ളിയാഴചയാണ് എംവി എമറാൾഡ് സ്റ്റാർ എന്ന കപ്പൽ അപകടത്തിൽപെട്ടത്. 26ഇന്ത്യക്കാരായ ജീവനക്കാരിൽ പതിനാറുപേരെ രക്ഷപെടുത്തി. കപ്പലിൻറെ ക്യാപ്‍ടനായിരുന്ന കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി രാജേഷ് നായർ അടക്കമുള്ളവരെയാണ് ഇനി കണ്ടെത്താനുള്ളത്. സഹായമുറപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് രാജേഷിൻറെ വീട്ടുകാര്‍ക്ക് ഉറപ്പുനൽകിയിരുന്നു.