മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റം സംബന്ധിച്ചു കലക്ടർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചു തീരുമാനമെടുക്കാനുള്ള സാവകാശം സർക്കാരിനു നൽകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. റിപ്പോർട്ട് സർക്കാർ പരിശോധിച്ചു വരികയാണ്. പരിശോധിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു. മുൻപ് ഇ.പി.ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ ജയരാജനോടു സിപിഎം രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നു കോടിയേരി പറഞ്ഞു. പാർട്ടിയുടെ യശസ് ഉയർത്തിപ്പിടിക്കാൻ അദ്ദേഹം സ്വയം രാജിവക്കുകയായിരുന്നു.
അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിൽ വിശ്വാസികളായ അഹിന്ദുക്കൾക്കു പ്രവേശനം നൽകാമെന്ന തന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നു. ഇക്കാര്യം സർക്കാർ ചർച്ച ചെയ്ത് അഭിപ്രായസമന്വയം ഉണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു.