മുടി മുറിച്ചു പൊതുചടങ്ങിൽ അവതാരികയായെത്തിയ യുവ അധ്യാപികയ്ക്കു വേദിയിൽ മുഖ്യമന്ത്രിയുടെ അഭിനന്ദനം. ‘ഇവർ ആണുങ്ങളെപ്പോലെയാവാൻ വേണ്ടിയാണു മുടി മുറിച്ചതെന്നു വിചാരിക്കരുത്. നല്ലൊരു കാര്യത്തിനു വേണ്ടിയാണതതു ചെയ്തത്. നിങ്ങൾക്കും അങ്ങനെ ചെയ്യാവുന്നതാണ്’ എന്നു സദസ്സിലെ സ്ത്രീകൾക്കു മുഖ്യമന്ത്രിയുടെ ഉപദേശവും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തെ ചിറക്കുനിയിൽ ഇന്നു നടന്ന കുടിവെള്ള പദ്ധതി നിർമാണോദ്ഘാടനച്ചടങ്ങിലാണു സംഭവം. കണ്ണൂർ ചാല ചിന്മയ സ്കൂൾ അധ്യാപികയായ ആനന്ദജ്യോതിയായിരുന്നു ചടങ്ങിൽ അവതാരക. മുടി പറ്റെ വെട്ടിയ നിലയിലാണ് അവതാരക വന്നത്. ചടങ്ങു തുടങ്ങുമ്പോൾ തന്നെ സദസ്സിനു സ്വയം പരിചയപ്പെടുത്തിക്കൊണ്ടു ജ്യോതി പറഞ്ഞു: എന്റെ തലമുടി കണ്ട് ഞാനൊരു ആണാണെന്നു വിചാരിക്കരുത്. രോഗികൾക്കു വിഗ് നിർമിച്ചു നൽകുന്നൊരു സംഘടനയ്ക്കു സംഭാവന ചെയ്യാനാണു മുടി മുറിച്ചത്’. അൽപം കഴിഞ്ഞ് ഉദ്ഘാടന പ്രസംഗത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോൾ, പ്രസംഗം തുടങ്ങുന്നതിനു മുൻപായി അദ്ദേഹം ജ്യോതിടീച്ചറെ അഭിനന്ദിക്കുകയായിരുന്നു.
കണ്ണൂർ ചക്കരക്കൽ സ്വദേശിനിയാണ് ആനന്ദജ്യോതി. ഒരു മാസം മുൻപു തമിഴ്നാട് യാത്രയ്ക്കിടയിലാണു രോഗികൾക്കു വിഗ് നൽകുന്ന സന്നദ്ധ സംഘടനയ്ക്കു മുടി സംഭാവന ചെയ്യാൻ തല മുണ്ഡനം ചെയ്തതെന്നു ജ്യോതി പറഞ്ഞു.