കെപിസിസി പട്ടികയ്ക്കെതിരെ വി.എം. സുധീരൻ. പുതുക്കിയ കെപിസിസി പട്ടികയ്ക്കെതിരെ ഹൈക്കമാന്‍റിന് സുധീരൻ പരാതി നൽകി. ഗ്രൂപ്പുകളുടെ വീതം വയ്പാണ് ഭാരവാഹിപ്പട്ടികയെന്നും കെപിസിസി അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ പൊതുമാനദണ്ഡം വേണമെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
ഇതോടെ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം സംസ്ഥാന നേതൃത്വം നൽകിയ പുതിയ കെ.പി.സി.സി.പട്ടികയിലെ തർക്കം രൂക്ഷമായി.
എം.പി മാരായ കെ.വി തോമസും ശശി തരൂരും പുതിയ പട്ടികയിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. സംവരണ തത്വങ്ങൾ ഒരു പരിധി വരെ അംഗീകരിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചിെല്ലന്നാണ് ഇവരുടെ നിലപാട്. പുതുക്കിയ പട്ടികയിൽ എ.കെ ആന്റണിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നീക്കും ചർച്ച നടത്തി. പട്ടികയിൽ തീരുമാനം ആകാത്ത സാഹചര്യത്തിൽ പട്ടിക കേന്ദ്ര തീരഞ്ഞെടുപ്പ് അതോറിറ്റിക്ക് കൈമാറിയിട്ടില്ല.