വിവരാവകാശ കമ്മിഷനില്‍ എസ്.ഐയ്ക്കെതിരെ പരാതി നല്‍കിയ ആളെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി. കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് കാറോടിക്കാന്‍ അറിയില്ലെന്നും ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തി. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി റപ്പായിയാണ് പൊലീസിന്റെ വീഴ്ചമൂലം രണ്ടാഴ്ച ജയിലില്‍ കിടന്നത്.
തൃശൂല്‍ ഒല്ലൂര്‍ സ്വദേശിയെ വണ്ടിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ഒല്ലൂര്‍ സ്വദേശിയായ കെ.ഡി.റപ്പായി വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുപ്രകാരം ഒല്ലൂര്‍ പൊലീസ് കേസെടുത്ത് റിപ്പായി അറസ്റ്റ് ചെയ്തു. രണ്ടാഴ്ച ജയിലിലും കിടന്നു. ചില കേസുകളെക്കുറിച്ച് വിവരാവകാശനിയമ പ്രകാരം റപ്പായി ചോദിച്ചിരുന്നു. മറുപടി തരാന്‍ വൈകിയെന്നു കാട്ടി വിവരാവകാശ കമ്മിഷനില്‍ പിന്നീട് പരാതിയും നല്‍കി. അന്ന്, വിവരാവകാശ കമ്മിഷന്‍ എസ്.ഐയുടെ പക്കല്‍ നിന്ന് അയ്യായിരം രൂപ പിഴ ഈടാക്കി. ഇതിന്റെ വൈരാഗ്യത്തില്‍ കള്ളക്കേസില്‍ കുടുക്കിയെന്നാണ് റപ്പായിയുടെ പരാതി.
കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് കാര്‍ ഓടിക്കാന്‍ അറിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഒല്ലൂർ സ്റ്റേഷനിലെ മുന്‍ എസ്.ഐ: പ്രശാന്ത് ക്ലിന്റാണ് കള്ളക്കേസില്‍ കുടുക്കിയത്. പൊലീസിന് വീഴ്ചപറ്റിയെന്ന് ഡി.സി.ആര്‍.ബി എ.സി.പിയുടെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. എസ്.ഐയ്ക്കെതിരെ നടപടിയെടുക്കാനാണ് എ.സി.പിയുടെ ശുപാര്‍ശ.