ചാലക്കുടിയിലെ വസ്തുബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തില്‍ അഡ്വ.സി.പി.ഉദയഭാനുവിനെ കസ്റ്റഡിയിലെടുക്കാന്‍ ഹൈക്കോടതി അനുമതി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കീഴടങ്ങാന്‍ സമയം അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. അറസ്റ്റ് തടഞ്ഞ മറ്റൊരുബഞ്ചിന്റെ ഉത്തരവ് അനുചിതമായെന്നും അന്വേഷണത്തെ ബാധിക്കുന്ന ഇത്തരം ഉത്തരവുകള്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ് എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി അഡ്വ.സി.പി.ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചത്. ഇതോടെ ഉദയഭാനുവിനെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള തടസം നീങ്ങി. അഞ്ചാംപ്രതി ചക്കര ജോണിയുമായുള്ള ഉദയഭാനുവിന്റെ ബന്ധത്തിന് തെളിവുകള്‍ കണ്ടെത്താനും തുടരന്വേഷണത്തിനും ഉദയഭാനുവിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന ആവശ്യവും ജസ്റ്റിസ് എ.ഹരിപ്രസാദ് അംഗീകരിച്ചില്ല. കേസില്‍ ഏഴാം പ്രതിയാണ് അഡ്വ.സി.പി.ഉദയഭാനു. ആദ്യം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.ഉബൈദ് ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഇത് അന്വേഷണത്തെ ബാധിച്ചുവെന്ന പ്രോസിക്യൂഷന്‍ നിലപാട് കോടതി ശരിവച്ചു. അങ്ങേയറ്റം ആവശ്യമുള്ള കേസുകളില്‍ മാത്രമേ ഇത്തരം ഉത്തരവുകള്‍ നല്‍കാവൂ എന്നും മറിച്ചുള്ളവ അനുചിതമാണെന്നും കോടതി നിരീക്ഷിച്ചു. ക്രിമിനല്‍ നടപടിച്ചട്ടവും സുപ്രീംകോടതി വിധികളും ഉദ്ധരിച്ചായിരുന്നു വിമര്‍ശനം. ജസ്റ്റിസ് പി.ഉബൈദിന്റെ ഉത്തരവ് അന്വേഷണത്തെ ബാധിച്ചെന്നുകാണിച്ച് മരിച്ച രാജീവിന്റെ അമ്മ നേരത്തേ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.