മൂന്നാർ സ്വദേശികളായ രണ്ട് ഓട്ടോഡ്രൈവർമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി മണിയെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പൊലീസിന് പിടിക്കൊടുക്കാതെ ഒരാഴ്ചമുമ്പാണ് ചെന്നൈ സെയ്താൽപേട്ട് കോടതിയിൽ മണി കീഴടങ്ങിയത്. ഓട്ടോഡ്രൈവർമാരെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുകയാണ് പൊലീസിന്റെ ആദ്യ ലക്ഷ്യം.
മൂന്നാർ എല്ലപ്പെട്ടി എസ്റ്റേറ്റിലെ ഓട്ടോഡ്രവർമാരായ ശരവണൻ, ജോൺ പീറ്റർ എന്നിവർ പതിനാലാം തീയതി രാത്രിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലേക്ക് ഓട്ടം വിളിച്ചശേഷം ബോഡിമെട്ടിന് സമീപം ചുരത്തിൽവെച്ച് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊടുംകുറ്റവാളിയും തമിഴ്നാട്ടിലെ ക്വട്ടേഷൻ സംഘാംഗവുമായ തിരുനൽവേലി മണിയാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. കൊലപാതക വിവരം മണി തന്നെ ബന്ധുക്കളെ വിളിച്ചറിയിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം മണി ഒളിവിൽ പോയി. തമിഴ്നാട് പൊലീസ് നാടാകെ അരിച്ചുപെറുക്കിയിട്ടും മണിയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇരുപതാം തീയതി മണി സെയ്താൽപേട്ട് കോടതിയിൽ കീഴടങ്ങിയത്. ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്ത മണിയെ നാളെ കമ്പത്തെ കോടതിയിൽ ഹാജരാക്കും ഇവിടെ നിന്ന്് കസ്റ്റഡിയിൽ വാങ്ങാനാണ് കൊരങ്കിണി പൊലീസിന്റെ തീരുമാനം. ഓട്ടോഡ്രൈവർമാരുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളാണ് പൊലീസിന് ആദ്യം അറിയേണ്ടത്.
മണിയുടെ അമ്മാവൻ ചെല്ലദുരൈ നൽകിയ ക്വട്ടേഷനാണെന്നും പൊലീസ സംശയിക്കുന്നു. ഓണക്കാലത്ത് രഹസ്യവിവരത്തെ തുടർന്ന് രണ്ട തവണ ചെല്ലദുരൈയെ പൊലീസും എക്സൈസും പിടികൂടി ജയിലിലടച്ചു. ഇതിന് പുറമെ മണിയെയും ഒരാഴ്ചമുമ്പ് തമിഴ്നാട് പൊലീസ് എല്ലപ്പെട്ടിയിൽ നിന്ന് പിടികൂടി. കൊല്ലപ്പെട്ട ജോൺപീറ്ററാണ് രണ്ട് സംഭവങ്ങളിലും പൊലീസിനെ സഹായിച്ചതെന്ന് ചെല്ലദുരൈയ്ക്ക് വിവരം ലഭിച്ചു. ഇത് ചെല്ലദുരൈ മണിയെ അറിയിച്ചു തുടർന്നാണ് മണി ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കസ്റ്റഡിയിൽ വാങ്ങുന്ന മണിയെ ആദ്യം കൊലപാതകം നടന്ന സ്ഥലത്തും പിന്നീട് എല്ലപ്പെട്ടിയിലും എത്തിക്കും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്.
തമിഴ്നാട്ടിലെ ക്വട്ടേഷൻ സംഘാംഗമായ മണിവിവിധ സ്റ്റേഷനുകളിലായി 18 കൊലക്കേസുകളിൽ പ്രതിയാണ്.