മൂന്നാറിലെ ഓട്ടോഡ്രൈവർമാരെ കൊലപ്പെടുത്തിയ കേസിൽ ക്വട്ടേഷൻ നൽകിയ വ്യാജമദ്യ വിൽപ്പനക്കാരൻ അറസ്റ്റിൽ. യുവാക്കളെ കൊലപ്പെടുത്തിയ തിരുനൽവേലി മണിയുടെ അമ്മാവൻ ചെല്ലദുരൈയാണ് അറ്റസ്റ്റിലായത്. മദ്യവിൽപനയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയതിന്റെ പ്രതികാരമായിരുന്നു കൊലപാതകം.
പതിനഞ്ചാം തീയതി പുലർച്ചെയാണ് മൂന്നാർ എല്ലപ്പെട്ടി സ്വദേശികളായ ശരവണൻ, ജോൺ പീറ്റർ എന്നിവരുടെ മൃതദേഹങ്ങൾ തമിഴ്നാട്ടിലെ ബോഡിമെട്ട് ചുരത്തിൽ കണ്ടെത്തിയത്. തമിഴ്നാട്ടിലേക്ക് ഓട്ടം വിളിച്ച ശേഷം ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവാക്കളുടെ ഓട്ടോ വിളിച്ചു കൊണ്ടു പോയ കൊടുംകുറ്റവാളി തിരുനൽവേലി മണിയാണ് കൃത്യം നടത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മണി ചെന്നൈ കോടതിയിൽ കീഴടങ്ങിയിരുന്നു. റിമാൻഡിലായ മണിയെ വെള്ളിയാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്നാർ എല്ലപ്പെട്ടി മേഖലയിൽ വ്യാജ മദ്യവിൽപ്പന നടത്തിയതിന് മണിയുടെ അമ്മാവൻ ചെല്ലദുരൈ, ഭാര്യ മരിയ കസ്തൂരി എന്നിവരെ രണ്ടു മാസം മുൻപ് പോലിസ് ,എക്സൈസ് സംഘങ്ങൾ അറസ്റ്റു ചെയ്ത് ജയിലിലടച്ചു.
പൊലീസിന് വിവരം കൈമാറിയത് കൊല്ലപ്പെട്ട ശരവണനും, ജോൺ പീറ്ററുമാണ്. ഇതറിഞ്ഞ ചെല്ലദുരൈ ഇരുവരെയും കൊലപ്പെടുത്താൻ മണിക്ക് കൊട്ടേഷൻ നൽകി. രണ്ട് ദിവസം എല്ലപ്പെട്ടിയിൽ താമസിച്ച മണി ഇരുവരെയും തമിഴ്നാട്ടിലെത്തിച്ച് കൊലപ്പെടുത്തി. വിവരം രാത്രി തന്നെ അമ്മാവനെ വിളിച്ച് അറിയിക്കുകയും ചെയ്തു. സംശയത്തെ തുടർന്ന് രണ്ട് തവണ ചെല്ല ദുരൈ യെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ ചെല്ല ദൂരെയെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിൽ മണിയുടെ ക്വട്ടേഷൻ സംഘത്തിലെ കൂടുതൽ പേർ ഉൾപ്പെട്ടതായി പൊലിസ് സംശയിക്കുന്നു. മണിയെ സംഭവസ്ഥലതെത്തിച്ച് തെളിവെടുത്തു. എന്നാൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കാനായില്ല.