k-vidya

എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ വ്യാജരേഖ നിര്‍മിച്ചത് പാലക്കാട് കോളജിലെ നിയമനത്തിന് ശേഷമെന്ന് നിഗമനം. പത്തിരിപ്പാല സര്‍ക്കാര്‍ കോളജില്‍ നിയമനം നേടിയത് മുന്‍ പരിചയം അവകാശപ്പെടാതെയാണ്. വിദ്യ കോളജില്‍ സമര്‍പ്പിച്ച ബയോഡേറ്റ മനോരമ ന്യൂസിന് ലഭിച്ചു. 2021 ഒക്ടോബര്‍ മുതല്‍ 2022 മേയ് വരെയാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. ഇതിനുശേഷമാണ് രേഖയുണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കരിന്തളം കോളജിൽ വ്യാജരേഖ നൽകി ജോലി നേടിയത് 2022 ജൂണിലാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

അതേസമയം, കെ.വിദ്യയ്ക്കെതിതരെ കാലടി സംസ്കൃത സർവകലാശാല സമഗ്ര അന്വേഷണം പ്രഖ്യാപിച്ചേക്കും. കെ.വിദ്യയെ സർവകലാശാലയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും, തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും മുൻ സിൻഡിക്കേറ്റ് അംഗവും, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ലിന്റോ.പി.ആന്റു വിദ്യാഭ്യാസ മന്ത്രിക്കും, വൈസ് ചാൻസലർക്കും പരാതി നൽകി. വിദ്യക്കെതിരെ മഹാരാജാസ് കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടനയും രംഗത്തെത്തി. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം ക്രമവിരുദ്ധമാണെന്ന റിപ്പോർട്ട് ഉണ്ടായിട്ടും അന്നത്തെ വൈസ് ചാൻസലർ നടപടി എടുത്തില്ലെന്ന ആരോപണവും ശക്തമാണ്.