പത്തൊൻപതാമത് മുംബൈ രാജ്യാന്തര ചലചിത്രമേളയിൽ മലയാളസിനിമ എസ്. ദുർഗയ്ക്ക് പ്രത്യേക ജൂറി പുരസ്കാരം. ഇന്ത്യ ഗോൾഡ് വിഭാഗത്തിലാണ് സനൽ കുമാർ ശശിധരന്റെ എസ് ദുർഗ പ്രത്യേക ജൂറി പുരസ്കാരംനേടിയത്. അസമിൽ നിന്നുള്ള വില്ലേജ് റോക്സ്റ്റാറാണ് മികച്ച ചിത്രം.
അൻപതിലധികം വിദേശമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമായിരുന്നു മാമിയിലേത്. സെക്സി ദുർഗയെന്ന് പേരിട്ട ചിത്രം സെൻസർ ബോർഡിന്റ ഇടപെടലിനെതുർന്നാണ് എസ് ദുർഗയെന്നപേരിൽ പ്രദർശിപ്പിച്ചത്.
പുരുഷമേധാവിത്വമുള്ള സമൂഹത്തിന്റെ നെറികേടുകളാണ് ചിത്രം പറഞ്ഞുവെക്കുന്നത്. ഡിസംബറോടെ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുമെന്നും, പുരസ്‌കാരം നേടാനായതിൽ അഭിമാനിക്കുന്നതായും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞു.
റിമദാസ് സംവിധാനം ചെയ്ത വില്ലേജ് റോക്ക്സ്റ്റാർ എന്ന അസമീസ് ചിത്രമാണ് മികച്ച സിനിമയ്ക്കുള്ള ഗോൾഡൻ ഗേറ്റ് വേ പുരസ്കാരം സ്വന്തമാക്കിയത്.
ക്ലാര സിമൺസിന്റെ സമ്മർ 1993 എന്ന സിനിമ മികച്ച വിദേശചിത്രത്തിനുള്ള പുരസ്കാരം നേടി. ഒക്ടോബർ 12ന് ആരംഭിച്ച മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള അതിശയങ്ങളുടെ വേനൽ കയ്യടിനേടിയിരുന്നു.