നിവിൻപോളിയുടെ ആദ്യപൊലീസ് വേഷമെന്ന വിശേഷണത്തോടെയെത്തി, സൂപ്പർഹിറ്റായ ചിത്രമാണ് ആക്ഷൻഹീറോ ബിജു. 1983 എന്നസിനിമയ്ക്ക് ശേഷം എബ്രിഡ്ഷൈൻ- നിവിന്‍ കൂട്ടുകെട്ടിൽ പുറത്തുവന്ന സിനിമ. റിയലിസ്റ്റിക് പൊലീസ് സ്റ്റോറി, ശൈലിയിലെ പുതുമ, ഹാസ്യംകലർന്ന അവതരണം എന്നിങ്ങനെ പലവിധ കാരണങ്ങളാണ് ആക്ഷൻഹീറോ ബിജുവിനെ തീയേറ്ററുകളിൽ ഹീറോയാക്കിയത്.
കേരളത്തിലെ തിയേറ്ററുകളിലെയും, പിന്നെ മിനിസ്ക്രീനിലെയും സേവനംഅവസാനിപ്പിച്ച് ബിജുപൊലീസ് ഇനി ബോളിവുഡിലേക്ക് പോവുകയാണ്. അവിടെ അജയ് ദേവഗൺ ബിജുവാകും. രോഹിത്ഷെട്ടി സംവിധാനംചെയ്യും. ഹിറ്റ് സീരീസായ സിങ്കത്തിൻറെ മൂന്നാംപതിപ്പായാണ് സിനിമയെത്തുക. സൂര്യയുടെ സിങ്കത്തിൻറെ റീമേക്കായാണ്, സിങ്കം ബോളിവുഡിൽ 2011ൽ ആദ്യമെത്തുന്നത്. 2014ൽ രണ്ടാംപതിപ്പെത്തി. ഇരുസിനിമകളും നൂറുകോടി ക്ലബിൽ ഇടംനേടി ചരിത്രവിജയമായി. അജയ്‍യുടെ കരിയറിലെ മികച്ച കഥാപാത്രമായാണ് സിങ്കത്തെ വിശേഷിപ്പിക്കുന്നതും. മൂന്നാംപതിപ്പിൽ ബിജു, സിങ്കമാകുമ്പോൾ, അതും വൻവിജയമാകുമെന്നാണ് പ്രതീക്ഷ. സിങ്കം3 എന്നപേരിൽതന്നെയായിരിക്കും ചിത്രമെത്തുകയെന്നാണ് വിവരം. ഇക്കാര്യങ്ങൾ രമേശ് ബാല എന്ന സിനിമാപ്രവർത്തകന്‍ പങ്കുവച്ച പുതിയസിനിമാ വാർത്ത നിഷേധിക്കാൻ രോഹിത്ഷെട്ടി വിസമ്മതിച്ചു. ഇതോടെയാണ് സിങ്കം മൂന്നാംപതിപ്പെത്തുന്നതായുള്ള വാർത്തകൾ ബോളിവുഡ് ശരിവയ്ക്കുന്നത്.
അജയ് ദേവഗൺ - രോഹിത് കൂട്ടുകെട്ടിലെ ഗോൽമാൽ സീരിസിലെ നാലാംപതിപ്പ് തിയേറ്ററുകളിൽ തകർത്തോടുന്നതിനിടെയാണ് പുതിയ സിനിമാവാർത്ത.