ആസിഫ് അലിയും അജുവും ധ്യാനും ചേർന്നുള്ള പുതിയ ചിത്രമാണ് ഗൂഡാലോചന. നവംബർ മൂന്നിന് ചിത്രം തീയറ്ററുകളിലെത്തും. തോമസ് സെബാസ്റ്റ്യനാണ് സംവിധാനം. ധ്യാൻ ശ്രീനിവാസനാണ് തിരക്കഥ. കോഴിക്കോട് വച്ച് 916 സിനിമയുടെ ലൊക്കേഷനിലാണ് ആദ്യമായി ആസിഫിനെ കാണുന്നതെന്ന് ധ്യാൻ പറയുന്നു. സെവൻസിന്റെ ഷൂട്ടിങ്ങിലാണ് കോഴിക്കോട് ആദ്യമായി ആസിഫും അജുവും കണ്ടുമുട്ടുന്നത്. അത്കൊണ്ട് തന്നെ കോഴിക്കോട് തങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഇവർ പറയുന്നു.
സെവൻസ് സിനിമയുടെ ചിത്രീകരണത്തിനിടയിലുണ്ടായ അനുഭവവും ഇവർ പങ്കുവച്ചു. സോൾട്ട് ആൻഡ് പെപ്പർ റിലീസ് ചെയ്ത ഉടനെയാണ് സെവൻസ് ചിത്രീകരണം തുടങ്ങുന്നത്. സിനിമ റിലീസായ ദിവസം ആസിഫ് അലി അജുവിനേയും മറ്റുള്ളവരേയും കൂട്ടി സിനിമ കാണാൻ പോയി. പക്ഷെ തീയറ്ററിലെത്തിയ ആസിഫിനെ സെക്യൂരിറ്റി കടത്തിവിട്ടില്ല. അവസാനം ചേട്ടാ ഞാനാണ് ഇൗ പടത്തിലെ ഹീറോ എന്ന് ആസിഫ് പറഞ്ഞു. അപ്പോഴത്തെ സെക്യൂരിറ്റിയുടെ ചോദ്യം അത് ലാലല്ലേ എന്നായിരുന്നു. ഇത്തരം പല അനുഭവങ്ങളും കോഴിക്കോട് സമ്മാനിച്ചിട്ടുണ്ടെന്ന് ഇവർ പറയുന്നു.
കോഴിക്കോടാണ് ഗൂഢാലോചന എന്ന പടം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം കണ്ടിട്ട് പുതുമ ഉണ്ടെന്ന് എല്ലാവരും പറയുന്നതായും ഇവർ കൂട്ടിച്ചേർത്തു. ആസിഫും ധ്യാനും അജുവും ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.