ഇംഗ്ലീഷ് അറിയാത്തത് ഒരു കുറ്റമല്ല, എന്നാൽ അറിയാത്ത ഭാഷ അറിയാമെന്നുപറയുന്നതാണ് മോശം. അറിയാൻ വയ്യാത്തകാര്യം തുറന്നു പറയാൻ പലർക്കും മടിയാണ്, എന്നാൽ ജയറാം അങ്ങനെയല്ല. ഒരു മാധ്യമത്തിന്റെ ഇംഗ്ലീഷ് ചോദ്യത്തിന്റെ മുന്നിൽ ഉത്തരം പറയാൻ ബുദ്ധിമുട്ടിയ ജയറാം എന്നെക്കാൾ നന്നായി മകൻ കാളിദാസൻ മറുപടി നൽകും എന്ന് തുറന്നുപറയുകയായിരുന്നു. സ്‌പെയിനില്‍ കാളയെ കൊല്ലുന്നതും ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചോദ്യമാണ് റിപ്പോർട്ടർ ചോദിച്ചത്.
അതിനുള്ള ഉത്തരം തമിഴില്‍ പറയാന്‍ നോക്കിയെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇംഗ്ലീഷിൽ ഒഴുക്കോടെ സംസാരിക്കാൻ അറിയാത്തതുകൊണ്ട് തന്നേക്കാള്‍ മകന്‍ നന്നായി ഇക്കാര്യം സംസാരിക്കുമെന്ന് പറഞ്ഞ് കാളിദാസിനെ ജയറാം വിളിച്ചു. കാളിദാസനോട് മലയാളത്തിൽ കാര്യങ്ങൾ പറഞ്ഞുകൊടുത്തു. അച്ഛനുവേണ്ടി മകൻ റിപ്പോർട്ടറോട് കാര്യങ്ങൾ വിശദീകരിച്ചു. അച്ഛന്റെയും മകന്റെയും ഈ ഒത്തൊരുമയ്ക്കും വളരെയധികം പ്രശംസകളാണ് ലഭിക്കുന്നത്. ഇംഗ്ലീഷിൽ സംസാരിക്കാൻ പ്രയാസമാണെന്ന് തുറന്നുപറഞ്ഞതിന് ജയറാമിനെ അഭിനന്ദിക്കുന്നുമുണ്ട് നിരവധിപ്പേർ.