വിദേശതൊഴിലാളികളുടെ ഇഖാമയുമായി ബന്ധപ്പെട്ട് നിയമം കർശനമാക്കി കുവൈത്ത് മാനവശേഷി അതോറിറ്റി. കോടതി വിധിയെ തുടർന്ന് ജയിൽശിക്ഷ വിധിക്കപ്പെട്ട വിദേശ തൊഴിലാളികളുടെ ഇഖാമ റദ്ദാക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. ഒളിച്ചോട്ടം സംബന്ധിച്ച പരാതിയുള്ള സാഹചര്യത്തിലും ഇഖാമ റദ്ദാക്കാൻ സാധിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
ക്രിമിനൽ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട വിദേശതൊഴിലാളികൾക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം. ഇത്തരം വിദേശതൊളിലാളികളുടെ ഇഖാമ റദ്ദാക്കാൻ ഇനി തൊഴിൽ ഉടമയ്ക്കാവും. കാരണം വ്യക്തമാക്കി ഉടമയ്ക്ക് ഇഖാമ റദ്ദാക്കാനുള്ള അപേക്ഷ നൽകാം. അതേസമയം, തൊഴിലാളിയെ സ്വന്തം രാജ്യത്തേക്ക് തൊഴിലുടമയുടെ ചെലവിൽ തിരിച്ചയക്കുകയും വേണം. ആദ്യ സ്പോൺസർ പിരിച്ചുവിടൽ നോട്ടീസ് നൽകിയതിനാൽ മറ്റൊരു സ്പോൺസറുടെ കീഴിൽ കീഴിൽ ജോലിക്ക് പ്രവേശിച്ചാൽ തൊഴിലാളിയെ തിരിച്ചയക്കാനുള്ള ചെലവ് രണ്ടാമത്തെ സ്പോൺസർ വഹിക്കണം. വിദേശ തൊഴിലാളി ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്താണെങ്കിൽ ഇഖാമ സ്വമേധയാ റദ്ദാകുമെന്നും അതോറിറ്റി അറിയിച്ചു. ഏതെങ്കിലും കാരണത്താൽ നാടുകടത്തൽ വിധിക്കപ്പെട്ടവരുടെ ഇഖാമയും സ്വമേധയാ റദ്ദാകും.