റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നു നാലര കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി ഷിജു ജോസഫിനെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തെ കസ്റ്റഡി ആവിശ്യപ്പെട്ടിരുന്നെങ്കിലും കോടതി ശനിയാഴ്ച രാവിലെ 11 വരെ മാത്രമേ കസ്റ്റഡി അനുവദിച്ചുള്ളൂ. നേരുത്തെ ഷിജു ജോസഫിനെ 28 വരെ കോടതി റിമാൻഡ് ചെയ്‌തിരുന്നു. തട്ടിപ്പു നടത്താൻ ഇയാൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുമ്പ പൊലീസാണു കേസെടുത്തത്.
ലുലു ഗ്രൂപ്പിന്റെ ലുലു അവന്യൂവിൽ മാനേജരായിരുന്ന ഇയാൾ സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിൽ വ്യാജരേഖയുണ്ടാക്കി ഒന്നര വർഷത്തോളം തിരിമറി നടത്തിയാണ് വൻതുക തട്ടിയെടുത്തത്. ജോർദാൻ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേർന്നായിരുന്നു തട്ടിപ്പ്. മുഹമ്മദ് ഫാക്കി ജോലി ചെയ്തിരുന്ന കമ്പനി വഴിയായിരുന്നു ലുലുവിലേക്ക് ഉത്പന്നങ്ങൾ വാങ്ങിയിരുന്നത്. വലിയ കണ്ടെയ്നറുകളിൽ സാധനങ്ങളെത്തിച്ച് അത് മറ്റു കടകളിലേയ്ക്ക് മറിച്ചു നൽകുകയായിരുന്നു. ഇതിന് വ്യാജ രേഖകളും ചമച്ചു.
തിരിമറി കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ റിയാദ് പൊലീസിൽ ലുലു അധികൃതർ പരാതി നൽകിയിരുന്നു. ഇതോടെ റിയാദിൽ നിന്ന് മുങ്ങിയ ഷിജു ജോസഫ് നാട്ടിലെത്തി കഴക്കൂട്ടത്ത് ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിച്ചുകഴിഞ്ഞ ഇയാൾ വാട്സാപ്പ് കോളിലൂടെയായിരുന്നു മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ വാട്സാപ്പ് കോളുകൾ പരിശോധിച്ചായിരുന്നു ഒളിസങ്കേതം കണ്ടെത്തിയത്.