dubai-accident-09

മകന്റെ മരണം ഇതുവരെയും ഉമ്മ സെറീനയെ അറിയിച്ചിട്ടില്ല. അവൾ അതു താങ്ങില്ല. ഉപ്പയും ആങ്ങളയും മരിച്ച വിവരം ഒമാനിൽ ലുബ്നയേയും അറിയിച്ചിട്ടില്ല – സെറീനയുടെ സഹോദരീ ഭർത്താവിന്റെ ബന്ധു ഇഷ്റത് പറഞ്ഞു. ദുബായ് ബസ് അപകടത്തിൽ മരിച്ച തലശ്ശേരി സ്വദേശി ഉമ്മറിന്റെയും മകൻ നബീലിന്റെയും മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കുന്നതിന് എത്തിയതാണ് അദ്ദേഹം. ഭർതൃപിതാവിന്റെ രോഗം കാരണം നാട്ടിലായിരുന്ന ലുബ്ന അടുത്തിടെയാണ് ഒമാനിൽ തിരിച്ചെത്തിയത്.

 

ഈ സമയത്ത് മകളെ കാണാനെത്തിയ ഉമ്മറും നബീലും അവിടെനിന്നു മടങ്ങും വഴിയായിരുന്നു അപകടം. ഉമ്മറിന് അപകടം പറ്റി എന്നു മാത്രമാണ് സെറീനയോടു പറഞ്ഞിരിക്കുന്നത്. 

 

അപകടത്തിൽ ദീപകുമാർ മരിച്ച വാർത്ത ഭാര്യ ആതിരയെയും മകൾ അതുല്യയെയും അറിയിച്ചിരുന്നില്ല. പരുക്കേറ്റ് റാഷിദ് ആശുപത്രിയിലായിരുന്ന ആതിര തുടക്കം മുതൽ തിരക്കിക്കൊണ്ടിരുന്നതു ദീപ കുമാറിനെക്കുറിച്ചാണ്. അപകടത്തിൽ ദീപകുമാറിന്റെ നെറ്റിയിലായിരുന്നു മുറിവ്. അപ്പോഴും ആതിരയോടും മകളോടും ദീപകുമാർ സംസാരിച്ചു. ആശുപത്രിയിലെത്തിയ ശേഷമാണു മരിച്ചത്. ആന്തരിക ക്ഷതമാണ് മരണകാരണം.

 

ദീപകുമാറിന്റെ മൃതദേഹം രാവിലെ വീട്ടിലെത്തിച്ചു. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളം വഴിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. 12 വര്‍ഷമായി യു.എ.ഇയിലെ സ്വകാര്യകമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ദീപകുമാര്‍. ഭാര്യയും മകളും ഇന്നലെ ദുബായില്‍ നിന്ന് വീട്ടിലെത്തിയിരുന്നു. സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന് വേളി മാധവപുരത്തെ വീട്ടുവളപ്പില്‍ നടക്കും.