nabeel-naif

ദെയ്റ നായിഫ് ദുബായിലെ മലയാളികളുടെ ആശ്വാസകേന്ദ്രമാണ്. ജോലി തേടിയെത്തി ഒറ്റപ്പെട്ടു പോകുന്നവർക്ക് താങ്ങും തണലുമാകുന്ന ദെയ്റ ഉൾപ്പെടുന്ന അൽ റാസ് ഏരിയ. ഇവിടെയെത്തിയാൽ ആരും വിഷമത്തോടെ നിൽക്കേണ്ടി വരില്ല. എവിടെ വച്ചെങ്കിലും ഒരു മലയാളിയെ കണ്ടുമുട്ടും. താൻ ഭക്ഷണം കഴിച്ചില്ലെന്നു പറഞ്ഞുപോയാൽ വിഭവസമൃദ്ധമായ ഭക്ഷണം നൽകും. തലചായ്ക്കാൻ ഇടമില്ലെന്ന് പറഞ്ഞാൽ ഒരു ബെഡ് സ്പേസ്, അല്ലെങ്കിൽ തറയിലിട്ട് കിടക്കാൻ ഒരു പായയെങ്കിലും സംഘടിപ്പിച്ചു കൊടുക്കും. ഇൗ ദെയ്റ നായിഫ് ഇന്നു പൂർണമായും ലോക്ക് ഡൗണാണ്. ഇവിടെ ചെറുകിട വ്യാപാരം നടത്തിയിരുന്നവരും അവിടെ ജോലി ചെയ്തിരുന്നവരുമെല്ലാം കഴിഞ്ഞ മൂന്നു ദിവസമായി താമസ സ്ഥലത്ത് നിന്നു പുറത്തിറങ്ങാറില്ല. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണുനശീകരണയജ്ഞം പ്രത്യേകമായി നടത്തുന്നതിനാൽ എല്ലാവരും അതിനോട് പൂർണമായി സഹകരിക്കുന്നു. 

എപ്പോഴും തിരക്കാണ് നായിഫിൽ. സ്വദേശികളും അതിലേക്കാളേറെ വിദേശികളും സ്ഥിരമായി വരുന്ന മാർക്കറ്റ് . ചൈനക്കാർ , ആഫ്രിക്കൻ വംശജർ , ഫിലിപ്പീൻസുകാർ , ബംഗ്ലാദേശുകാർ , ഇന്ത്യക്കാർ , പാകിസ്ഥാനികൾ , ഇറാനികൾ , അങ്ങനെ ഒരുപാട് രാജ്യക്കാർ തിങ്ങി നിറഞ്ഞു താമസിക്കുന്ന സ്ഥലം . ഉന്തുവണ്ടി മുതൽ ആഡംബര കാറുകൾ വരെ നായിഫിലെ റോഡിൽ നമുക്ക് കാണാൻ കഴിയും . 

ദുബായിൽ റിപ്പോർട് ചെയ്യപ്പെട്ട കൊറോണ വൈറസ് രോഗികളിൽ ഏറെ പേർ നായിഫിൽ നിന്നുള്ളവരാണ്. നായിഫ് ഏരിയ ഇപ്പോൾ നിശ്ചലമാണ്.  അതിനടുത്തുള്ള അൽ റാസ്‌ , അൽ ദഗായ എന്നീ സ്ഥലങ്ങളും. അവിടെ താമസിക്കുന്ന ആളുകൾക്ക് പുറത്തു പോകാനോ അങ്ങോട്ട് ആർകെങ്കിലും പോകാനോ അനുവാദമില്ല  . ഒന്നാലോചിക്കുമ്പോൾ അതാണ് നല്ലത് . വൈറസ് മറ്റു സ്ഥലങ്ങളിലേക്ക് കൂടുതലായി പകരാതിരിക്കാൻ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കട്ടെ. റോഡിൽ പൊലീസ് വാഹനങ്ങളും ആംബുലൻസും മാത്രം  ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കീഴിൽ ശുചീകരണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ് . ദുബായ് പൊലീസ് , ദുബായ് ഹെൽത്ത് അതോറിറ്റി , മലയാളികൾ അടങ്ങുന്ന ഒരു പാട് സാമൂഹിക പ്രവർത്തകർ എന്നിവർ ഉൗർജിതമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു, ഈ ഭാഗങ്ങളിൽ .  

ഒരു ആംബുലൻസ് വരുമ്പോൾ ഇപ്പോള്‍ ആളുകൾക്ക്  പേടിയാണ് . ഏതു കെട്ടിടത്തിലോട്ടാണ് വരുന്നതെന്ന് ആളുകൾ ആധിയോടെ ബാൽക്കണികളിൽ നിന്നുകൊണ്ട് നോക്കുന്നത് കാണാം . സൂപ്പർ മാർക്കറ്റുകളിലും ഗ്രോസറികളിലും ഫെയ്സ് മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനമില്ല. അതിന്റെ കവാടത്തിൽ തന്നെ കൈയ്യിൽ ഗ്ലൗസ് ഇല്ലാത്തവർക്ക് ഹാൻഡ് സാനിറ്റൈസർ ഒഴിച്ച് തരാൻ ജീവനക്കാരൻ ഉണ്ടാകും . പ്രതിരോധ പ്രവർത്തനങ്ങളിൽ യുഎഇ വളരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിനോട് നമുക്കെല്ലാം പൂർണമായും സഹകരിക്കാം, പിന്തുണയ്ക്കാം. എത്രയും വേഗം വൈറസുകളെ തുരത്തുമെന്നു വിശ്വസിക്കാം , അതിനായി പ്രാർഥിക്കാം.