ലോക്സാഥ് ബെഹ്റയെ വീണ്ടും പൊലീസ് മേധാവിയായി നിയമിക്കാൻ മന്ത്രിസഭാ തീരുമാനം. വിജിലൻസ് ഡയറക്ടർ പദവിയിലേക്ക് പുതിയ നിയമനം ആയില്ല. വിവാദങ്ങൾ അലട്ടുന്നില്ലെന്നും സർക്കാരിനോട് നന്ദിയുണ്ടെന്നും ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു.
കോടതിവിധിയുടെ പിൻബലത്തിൽ ഡിജിപി സ്ഥാനത്തേക്ക് 55 ദിവസത്തേക്ക് മടങ്ങിയെത്തിയ ടി.പി.സെൻകുമാർ വെള്ളിയാഴ്ച വിരമിക്കും. ഈ ഒഴിവിലേക്കാണ് സെൻകുമാറിന് വേണ്ടി ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡിജിപിസ്ഥാനത്തു നിന്ന് മാറേണ്ടി വന്ന ലോക്നാഥ് ബെഹ്റ വീണ്ടും എത്തുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷയായ നിർണ്ണയ സമിതിയുടെ ശുപാർശയായി ലോക്നാഥ് ബെഹ്റയുടെ പേരുമാത്രമെ ഉണ്ടായിരുന്നുള്ളൂ അത് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പെയ്ന്റ് വിവാദമുൾപ്പെടെയുള്ള ആക്ഷേപങ്ങളും ഡിജിപി സ്ഥാനത്ത് പ്രവർത്തിച്ചതിനെ കുറിച്ചുള്ള പരാതികളും നിലനിൽക്കെയാണ് ബെഹ്റ വീണ്ടും പൊലീസ് തലപ്പത്തെത്തുന്നത്.
ലോക്നാഥ് ബെഹ്റ മാറുമ്പോൾ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് പകരം ആരെയും നിയമിച്ചിട്ടില്ല. ബെഹ്റയെക്കാളും സർവീസിൽ മുൻതൂക്കമുള്ള ഡോ.ജേക്കബ് തോമസിനെ പൊലീസ് മേധാവിസ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഡിഐജി ആയശേഷം അദ്ദേഹം സേനക്ക് പുറത്തുള്ള തസ്തികകളിൽ പ്രവർത്തിച്ചു എന്നതാണ് അയോഗ്യതയായി മാറിയത്. വിജിലൻ നിയമനം വരുന്നതോടെ പൊലീസിലെ മറ്റ് ചില സുപ്രധാന സ്ഥാനങ്ങളിലും മാറ്റം വരും.