സ്വകാര്യ സ്കാൻ സെന്ററുകൾ രോഗികളെ പിഴിഞ്ഞുവാങ്ങുന്ന പണത്തിന്റെ പ്രധാനപങ്ക് എത്തുന്നത് ഒരുവിഭാഗം ഡോക്ടർമാർക്ക്. ചൂഷണത്തിൽ ഡോക്ടർമാരുടെ പങ്കാളിത്തത്തിന്റെ തെളിവുകൾ മനോരമന്യൂസിന് ലഭിച്ചു. സ്ഥിരമായി സ്കാനിങ്ങിന് രോഗികളെ അയയ്ക്കുന്ന ഡോക്ടർമാർക്ക് ഈ സ്ഥാപനങ്ങൾ പ്രത്യേക പാക്കേജുവരെ നൽകുന്നുണ്ട്.
കൊല്ലത്തെ വൻകിട സ്കാൻ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന രസീതാണിത്. ഡോക്ടറുടെ പേരും നൽകേണ്ട തുകയും പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു. സർക്കാർ ആശുപത്രിയിൽ 2250 രൂപ ഈടാക്കുന്ന സ്കാനിന് ഇവിടെ നിരക്ക് 4500. ഒപ്പം ഡോക്ടറുടെ കമ്മിഷനായ 2500 രൂപയും ചേർത്ത് രോഗിയിൽ നിന്ന് വാങ്ങിയത് ഏഴായിരം രൂപ.
ഡോക്ടറുടെ പേരും കുറിപ്പിൽ രേഖപ്പെടുത്തിയ കോഡും നോക്കിയാണ് സ്കാൻ സെന്ററുകളിൽ നിരക്ക് തീരുമാനിക്കുന്നത്. ഇതിനുള്ള ചുമതല സ്കാൻ സെന്ററുകളിലെ മാനേജർമാർക്കാണ്.
റിസ്പ്ഷനിസ്റ്റ് : ഗുഡ്മോണിങ് ക്വയിലോൺ സ്കാൻ
രോഗി : എം.ആർ ഐ സ്കാൻ ഉണ്ടോ
റിസ്പഷനിസ്റ്റ് : എം.ആർ.ഐ ആണോ, അതു ഞാൻ മാനേജർക്ക് കൊടുക്കാം. ഒന്നു ഹോള്ഡ് ചെയ്യണേ.
മനേജർ : ഹലോ സർ പറയൂ.
രോഗി : എൽ ഫോർ എൽ ഫൈവ് ആണ്. ശ്രീകുമാർ ഡോക്ടർ പറഞ്ഞതാണ് .എത്രരൂപയാണ്.
മാനേജർ ഏതാ ന്യൂറോ ശ്രൂകുമാർ ഡോക്ടറാണ്. ആറായിരത്തഞ്ഞൂറാണ്. മെഡിട്രീനയുമായി കോൺട്രാക്ട് ഉണ്ട്. നാലായിരത്തി അഞ്ഞൂറേ ആകത്തൊള്ളൂ.
രോഗി : അല്ല ജില്ലാ ആശുപത്രിയാണ്.
മാനേജർ : ജില്ലാ ആശുപത്രിയാണെങ്കിൽ ആറായിത്തഞ്ഞൂറ് രൂപയാകും.
സ്കാൻ സെന്ററുകളുമായി ഒത്തുകളിക്കുന്ന ഡോക്ടർമാർക്ക് കൃത്യമായ കോഡുകളുണ്ട്. കമ്മിഷൻ വേണമെങ്കിൽ കൊല്ലത്തെ ഒരു മുതിർന്ന ഡോക്ടർ കുറിപ്പിൽ ഡു ഇറ്റ് എന്നെഴുതും. കമ്മിഷൻ വേണ്ടാത്തവർ മൈ റേറ്റ് എന്ന കോഡാണ് ഉപയോഗിക്കുക. സ്കാൻ സെന്ററുകളുമായി വിലപേശി കൂടുതൽ കമ്മിഷൻ വാങ്ങുന്നവരും ഡോക്ടർമാർക്കിടയിലുണ്ട്.
ഡോക്ടർമാരുമായും സ്വകാര്യ ആശുപത്രികളുമായും അനൗദ്യോഗിക കരാറുണ്ടാക്കിയാണ് പല സ്കാൻ സെന്ററുകളും ചൂഷണത്തിന് കളമൊരുക്കുന്നത്. സർക്കാർ ആശുപത്രികളിൽ നിന്നെത്തുന്ന നിർധനരോട് പക്ഷേ അവർ ദാക്ഷിണ്യവും കാട്ടാറുമില്ല.