മിന്നലിന് മുൻപെ ട്രെയിനിനെ തോൽപിക്കാനിറക്കിയ സിൽവർ ലൈൻ ജെറ്റുകൾ കെ.എസ്.ആർ.ടി.സിക്കുണ്ടാക്കിയത് ബാധ്യത മാത്രം. ജെറ്റുകൾ ഗതാഗതനിയമം ലംഘിച്ചതിന്റ പേരിൽ മൂന്നുലക്ഷം രൂപയാണ് പിഴയായി അടയ്ക്കാനുള്ളത്. രണ്ടുവർഷത്തിനിടെ ജെറ്റുകൾ അമിതവേഗതയുടെ പേരിൽ പിടിയിലായത് 669 തവണ.
സിൽവർ ലൈൻ ജെറ്റുകൾ കാണണമെങ്കിൽ ഇപ്പോൾ മഷിയിട്ട് നോക്കണം. ആകെയുള്ളത് കോഴിക്കോട്ടും കോട്ടയത്തും ഒാരോന്നുമാത്രം. സ്റ്റോപ്പ് കുറച്ചും വേഗം കൂട്ടിയും നിരത്തിലിറങ്ങിയ ജെറ്റുകൾക്ക് പ്രതീക്ഷിച്ചതുപോലെ സമയത്ത് ഒാടിയെത്താനോ ദീർഘദൂര യാത്രക്കാരെ ആകർഷിക്കാനോ ആയില്ല. ഇതോടെ മിക്കബസും നിറം മാറ്റി സൂപ്പർ ഫാസ്റ്റുകളാക്കി. വരുമാന നഷ്ടത്തിന് പുറമെ ഗതാഗതനിയമം ലംഘിച്ചതിന്റ പേരിൽ വന്ന പിഴ കൂടിയായതോടെ ജെറ്റുകൾ ബാധ്യതയായി. സമയത്തിന് ഒാടിയെത്താനായി പാഞ്ഞത് കാരണം.
കെ.എൽ15 എ 763 നമ്പർ ബസ് രണ്ടുവർഷത്തിനിടെ പൊലീസിന്റ നീരീക്ഷണ കാമറയിൽ കുടുങ്ങിയത് 175 തവണയാണ്. ഈയിനത്തിൽ പിഴയൊടുക്കാനുള്ളത് 81700 രൂപ. KL 15 A 756 137 തവണയും KL 15 A 884 110 തവണയും KL 15 A 764 116 തവണയും അമിതവേഗത്തിന് പിടിയിലായി. ഈയിനത്തിലും അടയ്ക്കാനുണ്ട് 1,64800 രൂപ. ജെറ്റിന്റ പിൻഗാമിയാണ് മിന്നൽ വരുന്നത്. സമയത്തിന്റേയും വേഗത്തിന്റേയും പ്രശ്നങ്ങൾ അതേപടി നിലനിൽക്കുന്നുണ്ടെങ്കിലും മിന്നൽ വരുമാനം കൂട്ടുമെന്ന് തന്നെയാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.