ലാഭനഷ്ടക്കണക്കുകൾ മാത്രം ചർച്ച ചെയ്യുന്നതിനിടയിൽ പൊതുഗതാഗത സംവിധാനത്തിൽ മറന്നു പോകുന്ന കാര്യങ്ങളിലൊന്നാണ് ബസുകൾ വൃത്തിയാക്കി സൂക്ഷിക്കുക എന്നത്. അക്കാര്യത്തെ ഒാർമ്മപ്പെടുത്തുകയാണ് വയനാട് പിണങ്ങോട് ഒാർഫനേജ് സ്കൂളിലെ വിദ്യാർഥികൾ. ഒഴിവുദിവസം കെ.എസ്.ആർ.ടി.സി ബസുകൾ വൃത്തിയാക്കാനാണ് എൻ.എസ്.എസ് യൂണിറ്റിലെ കുട്ടികൾ വിനിയോഗിച്ചത്.
തിരുവനപുരത്തുനിന്നു തുടങ്ങി ഏഴ് ജില്ലകളിലെ പൊടിയും ചേറും പേറി വന്നൊരു സൂപ്പർ ഫാസ്റ്റാണ് ആദ്യം കയറി വന്നത്. സോപ്പുപൊടിയും ബ്രഷുകളും ഇതുവരെ ശരിക്കുമൊന്ന് തൊട്ടുനോക്കാത്ത ബസുകളെ കുട്ടികൾ ഏറ്റെടുത്തു. ബസിന്റെ മുകളിൽ കയറി ചിലർ ജോലി തുടങ്ങി. അകത്തെ വശം വീടുപോലെ വൃത്തിയാക്കി. ടയറും ബോഡിയുമെല്ലാം ക്ലീനാക്കാൻ മറ്റു ചിലർ. ജോലി കഠിനം തന്നെയെന്ന് കുട്ടികൾ.
പക്ഷെ നമ്മുടെ സ്വന്തം ബസ് നന്നാക്കുമ്പോളുള്ള ഒരു സന്തോഷം. 16 ബസുകളാണ് കുട്ടികൾ വൃത്തിയാക്കിയത്. അമ്പതോളം കുട്ടികളുണ്ടായിരുന്നു. ആദ്യമായി ബസ്സിന്റെ പുറം കളർ തെളിഞ്ഞു കണ്ടെന്നാണ് ജീവനക്കാരിൽ ഒരാൾ അടക്കം പറഞ്ഞത്. ഡിപ്പാർട്മെന്റിന്റെ നിലവിലെ അവസ്ഥവെച്ച് നോക്കുമ്പോൾ ക്ലീൻ ചെയ്യാൻ ഒരു സോപ്പുപൊടിവാങ്ങാൻ പോലും ചില സാങ്കേതിക നൂലാമാലകളുണ്ടെന്നും മനസിലാക്കി.