കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ അഞ്ചേക്കർ സ്ഥലം കയ്യേറ്റക്കാരുടെ കൈയിൽ. വർഷങ്ങൾക്ക് മുമ്പ് സ്വകാര്യവ്യക്തിക്ക് അനധികൃതമായി വിറ്റ സ്ഥലം തിരിച്ചുപിടിക്കാൻ പോലും ഉദ്യോഗസ്ഥർക്ക് താൽപര്യമില്ല. വിമാനത്താവളത്തിന് സമീപം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ഒന്നര പതിറ്റാണ്ടായി ആരും നോക്കാതെ കാടുപിടിച്ച് കിടക്കുകയാണ്.
ആർ.ബാലകൃഷ്ണപിള്ള ഗതാഗതമന്ത്രിയായിരിക്കെയാണ് ബസ് ടെർമിനലിനായി ഈഞ്ചയ്ക്കലിൽ അഞ്ചേക്കർ സ്ഥലം വാങ്ങിയത്. ഏഴുവർഷം മുമ്പ് ഇതിൽ രണ്ടരസെന്റ് സ്ഥലം കെ.എസ്.ആർ.ടി.സിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് സ്വകാര്യ വ്യക്തിക്ക് വഴിയുണ്ടാക്കാനായി വിറ്റു. 76000 രൂപയ്ക്കാണ് വസ്തു വിറ്റതെങ്കിലും രേഖകളൊന്നും കൈമാറിയിരുന്നില്ല. കഴിഞ്ഞ ഡയറക്ടർബോർഡ് തീരുമാനം റദ്ദാക്കുകയും വാങ്ങിയ പണം തിരികെ കൊടുക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ സ്വകാര്യവ്യക്തി ഇതുവരെ പണം തിരികെ വാങ്ങാൻ തയാറായിട്ടില്ല.
അടുത്തിടെ വഴി വെട്ടാനുള്ള നീക്കങ്ങളുണ്ടായപ്പോഴാണ് എം.ഡി എം.ജി രാജമാണിക്യം ഇക്കാര്യം അറിയുന്നത്. തുടർന്ന് റീസർവേയ്ക്ക് ഉത്തരവിട്ടു. ഭൂമി ഏറ്റെടുത്ത സമയത്ത് വീട് വയ്ക്കാനായി ഒരാൾക്ക് വിട്ടുകൊടുത്ത ഭാഗത്ത് വ്യാപകകയ്യേറ്റം നടന്നതായി കഴിഞ്ഞദിവസം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കാടുപിടിച്ച് കിടക്കുന്ന ഭൂമിയിൽ എത്ര സെന്റ് കയ്യേറിയെന്നോ ശേഷിക്കുന്നതെത്രയെന്നോ ആര്‍ക്കും ബോധ്യമില്ല. കുളവും ചതുപ്പും നിറഞ്ഞ പ്രദേശം നഗരത്തിലെ അറവുമാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രമാണിപ്പോൾ.