സിഐടിയുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് മാവൂർ റോഡിലെ കെഎസ്ആർടിസി ബസ് ടെർമിനലിൽ അനുമതിയില്ലാതെ സഹകരണസംഘം ഓഫിസ് തുടങ്ങിയതായി പരാതി. കെഎസ്ആർടിസി ജില്ല ഓഫിസർ നടക്കാവ് പൊലീസിൽ പരാതി നൽകി. അനുമതിയില്ലെന്ന വാദം അടിസ്ഥാനരഹിതമെന്നാണ് യൂണിയൻ ഭാരവാഹികളുടെ നിലപാട്.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനോട് ചേർന്നാണ് സിഐടിയുവിന്റെ സൊസൈറ്റി പ്രവർത്തിക്കുന്നത്. പൂർണമായ അനുമതിയോടെയെന്നാണ് നേതാക്കളുടെ വാദം. എന്നാൽ അതിക്രമിച്ച് കയറിയെന്നറിയിച്ചാണ് കെഎസ്ആർടിസി ജില്ലാ ഓഫിസർ പൊലിസിൽ പരാതി നല്‍കിയത്.
പൊലീസിനെ സമീപിച്ചതിനൊപ്പം തിരുവനന്തപുരത്തെ എസ്റ്റേറ്റ് മാനേജർക്കും കെഎസ്ആർടിസി അധികൃതർ കഴിഞ്ഞദിവസം പരാതി നൽകി. വേഗത്തിൽ ഒഴിപ്പിക്കാനുള്ള നടപടിക്കൊപ്പം പിഴ ഈടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യാഥാർഥ്യം മനസിലാക്കാതെയുള്ള പരാതിയെന്നാണ് സിഐടിയുവിന്റെ വാദം. ബസ് ടെർമിനൽ ഉദ്ഘാടനത്തിന് മുൻപ് തന്നെ നിലവിലെ സ്ഥലത്ത് സൊസൈറ്റി പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചതാണ്. ജീവനക്കാർക്ക് വേണ്ടിയുള്ള സൊസൈറ്റി എല്ലായിടത്തും കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. വീഴ്ചയുണ്ടായിട്ടില്ലെന്ന് കാണിച്ച് സൊസൈറ്റി ഭരണസമിതി കെഎസ്ആർടിസി എംഡിയ്ക്ക് കത്ത് നൽകിയിട്ടുമുണ്ട്.