വൈദ്യുതി ഉത്പാദനം ഇരട്ടിയായി വർധിപ്പിച്ച ഇടുക്കി മൂലമറ്റം പവർഹൗസിലെ രണ്ടു ജനറേറ്ററുകളിൽ ചോർച്ച. കാലപ്പഴക്കം മൂലം നാല്, അഞ്ച് നമ്പർ ജനറേറ്ററുകളുടെ സ്‌പെറിക്കൽ വാൽവിലാണ് ചോർച്ച കണ്ടെത്തിയത്. ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തുന്നത് വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കുമെന്നതിനാൽ അറ്റകുറ്റപ്പണി വൈകിപ്പിക്കാൻ തീരുമാനം.
കൽക്കരി ലഭ്യത കുറഞ്ഞതുമൂലം കേന്ദ്രപൂളിലെ വൈദ്യുതി നിരക്ക് മൂന്നിരട്ടി വർധിപ്പിച്ചു. ഇതോടെയാണ് കേരളം വൈദ്യുതി ഉത്പാദനം വർധിപ്പിച്ചത്. മൂലമറ്റം പവർഹൗസിലെ ആറിൽ അഞ്ച് ജനറേറ്ററും കഴിഞ്ഞ നാല് ദിവസമായി വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്. ഇതിനിടയിലാണ് നാല്, അഞ്ച് ജനറേറ്ററുകളിൽ ചോർച്ച കണ്ടെത്തിയത്. ഇരു ജനറേറ്ററുകളുടെയും സ്‌പെറിക്കൽ വാൽവിലെ ഡൗൺ സ്ട്രീം സീലുകളിലാണ് ചോർച്ച കണ്ടെത്തിയിട്ടുള്ളത്. ജനറേറ്ററുകൾ പൂർണമായി നിർത്തി വാൽവുകൾ അഴിച്ച് പരിശോധിച്ചാൽ മാത്രമേ ചോർച്ചയുടെ വ്യാപ്തി അറിയാൻ സാധിക്കൂ. ഇതിനു ചുരുങ്ങിയതു രണ്ടാഴ്ചയെങ്കിലും സമയമെടുക്കും. നിലവിൽ ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിയാൽ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കും. കേന്ദ്ര പൂളിൽ നിന്നു കൂടുതൽ വൈദ്യുതി ലഭിക്കുന്നതുവരെ അറ്റകുറ്റപ്പണി വൈകിപ്പിക്കാനാണു വൈദ്യുതി ബോർഡിന്റെ തീരുമാനം. ചോർച്ച വൈദ്യുതി ഉൽപാദനത്തെയോ വിതരണത്തെയോ ബാധിക്കില്ലെന്നാണ് വിശദീകരണം. ചോർച്ച വകവയ്ക്കാതെ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് പ്രശ്നം സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ അഞ്ച് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്ത് ഉത്പാദിപ്പിക്കുന്നത്.