മറയൂരിൽ പള്ളിവികാരിയെ കൊള്ളയടിച്ച ഇതരസംസ്ഥാനക്കാരായ പ്രതികൾക്കായി പൊലീസിന്റെ അന്വേഷണം തുടരുന്നു. പ്രതികൾ തമിഴ്നാട്ടിലെ ഒളിസങ്കേതത്തിലുണ്ടെന്നാണ് സൂചന. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ദരും പള്ളിയിൽ പരിശോധന നടത്തി.
ചൊവ്വാഴ്ച രാത്രിയാണ് മറയൂർ സെന്റ് മേരീസ് പള്ളി വികാരി ഫ്രാൻസിസ് നെടുംപറമ്പിലിനെ ബെംഗ്ളൂരുവിൽ നിന്നെത്തിയ രണ്ട് സുഹൃത്തുക്കൾ ചേർന്ന് കൊള്ളയടിച്ചത്. ഭക്ഷണത്തിൽ ഉറക്കഗുളികകൾ ചേർത്ത് മയക്കികിടത്തി ഒന്നരലക്ഷം രൂപയും ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്നു. പുലർച്ചെ മോഷ്ടിച്ച വസ്തുക്കളുമായി കടന്നുകളഞ്ഞ പ്രതികളുടെ ചിത്രങ്ങൾ സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയിലും പതിഞ്ഞു. ഇതരസംസ്ഥാനക്കാരായ ഹേമന്ത്, സുഹൃത്ത് സുദേവുമാണ് മോഷണം നടത്തിയത്.
ഫാദറുമായുളള സൗഹൃദം മുതലെടുത്തായിരുന്നു മോഷണം. ഇടുക്കിയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും മോഷണം നടന്ന മുറികളിൽ പരിശോധന നടത്തി. പള്ളിയിലുണ്ടായിരുന്ന രണ്ട് എമർജൻസി വിളക്കുകളും ഒരു പവർബാങ്കും നഷ്ടപ്പെട്ടിട്ടുണ്ട്. ഫാദറിന്റെ മൊബൈൽ ഫോണിൽ നിന്നും രണ്ട് സിം കാർഡുകൾ നീക്കം ചെയ്തിരുന്നു. ഇത് പിന്നീട് ഫാദറിന്റെ മുറിയിൽ നിന്ന് കണ്ടെത്തി. പതിനായിരം രൂപയും ഇതോടൊപ്പമുണ്ടായിരുന്നു.
മണം പിടിച്ച പൊലീസ് നായ പള്ളിമുറിയിൽ നിന്നും മറയൂർ-ഉദുമലപേട്ട റോഡിന്റെ അരികിലെത്തി നിന്നു. മോഷ്ടിച്ച വസ്തുക്കളുമായി കാൽനടയായി മറയൂർ ടൗണിലെത്തിയ പ്രതികൾ ഓട്ടോയിലാണ് തമിഴ്‌നാട്ടിലേക്ക് കടന്നതെന്നും വ്യക്തമായി. മോഷ്ടാക്കൾ തമിഴ്‌നാട്ടിൽ തന്നെയുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ദേവികുളം സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു.