മൂന്നാർ , ദേവികുളം മേഖലയിൽ ജനവാസമേഖലയിലെത്തുന്ന കാട്ടാനകൾക്ക് നേരെ ആക്രമണം തുടർക്കഥയാകുന്നു. ദേവികുളം ലോവർ ഡിവിഷനിൽ കാട്ടാന ചരിഞ്ഞത് വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റെന്നാണ് സൂചന.
കണ്ണൻ ദേവൻ കമ്പനി ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ പുതു ലയത്തിനു സമീപമാണ് തിങ്കളാഴ്ച രാവിലെ 20 വയസ് പ്രായമുള്ള പിടിയാനയുടെ ജഡം കണ്ടത്. തൊഴിലാളികൾ താമസിക്കുന്ന വീടുകളുടെ 20 മീറ്റർ മാത്രം അകലെ പച്ചക്കറി കൃഷിയിടത്തിലായിരുന്നു ജഡം. ഒരാഴ്ചയിലേറെയായി ആന പ്രദേശത്ത് ചുറ്റിതിരിയുന്നുണ്ട്.് കാര്യമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. തുമ്പിക്കൈയുടെ അഗ്രത്തിലും വായിലും കറുത്ത നിറം കണ്ടെത്തിയതോടെയാണ് ഷോക്കേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചത്. പച്ചക്കറി തോട്ടത്തിനു ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് നിഗമനം. പ്രദേശവാസിയായ യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
നാല് മാസത്തിനിടെ അഞ്ചാമത്തെ കാട്ടാനയാണ് പ്രദേശത്ത് ചരിഞ്ഞത്. കഴിഞ്ഞ ജൂലൈയിൽ ചെണ്ടുവരൈയിൽ മണ്ണുമാന്തി യന്ത്രം കൊണ്ടുള്ള അടിയേറ്റ് ചില്ലിക്കൊമ്പൻ എന്നറിയപ്പെട്ടിരുന്ന കാട്ടാനയാണ് ആദ്യം ചരിഞ്ഞത്. ഓഗസ്റ്റിൽ തലയാറിൽ പാറയിൽ നിന്നും കാൽ വഴുതി വീണ് മറ്റൊരു പിടിയാന ചരിഞ്ഞു. ചിന്നക്കനാലിലെ തച്ചങ്കിരി എസ്റ്റേറ്റിലെ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റാണ് മൂന്നാമത്തെ കൊമ്പൻ ചരിഞ്ഞത്. ഇതേമാസം ചൊക്കനാട് എസ്റ്റേറ്റിൽ നാലു മാസം ഗർഭിണിയായ കാട്ടാനയുടെ ജഡവും കണ്ടെത്തി. ഇതിൽ രോഗം മൂലം ചരിഞ്ഞത് ഒരു കാട്ടാനമാത്രമാണ്. ബാക്കിയെല്ലാം സംഭവങ്ങളിലും വില്ലൻ മനുഷ്യനാണ്. ജനജീവിതത്തിന് കാട്ടാനകൾ ഭീഷിണിയാവുന്നതോടെ അവർ തീർക്കുന്ന പ്രതിരോധങ്ങളാണ് പലപ്പോഴും കാട്ടാനകളുടെ ജീവനെടുക്കുന്നത്.