തമിഴ്നാട്ടിൽ ഐപിഎസ് വിജിലൻസ് ഓഫിസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹിതയായ 24 കാരിയെ വൈക്കം പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം കുമാരനല്ലൂർ കുക്കു നിവാസിൽ അഷിത യാണ് പിടിയിലായത്. വൈക്കം തലയാഴം സ്വദേശിയും എയർ ഫോഴ്സ് ഉദ്യോഗസ്ഥനുമായ അഖിൽ കെ മനോഹറിനിനെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ച് 38 ദിവസം മുൻമ്പായിരുന്നു ഇവർ വിവാഹിതയായത്.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അഷിത പലയിടങ്ങളിലും ചെറിയ ജോലികൾ ചെയ്ത് പാലക്കാട് ഒറ്റക്ക് വാടക്ക് താമസിച്ചായിരുന്നു തട്ടിപ്പ്.മാതാപിതാക്കളെയും ബന്ധുക്കളെയും കോയമ്പത്തൂരിൽ പോലീസ് ഐപിഎസ് വിജിലൻസ് ഓഫിസറായി ജോലി കിട്ടിയെന്നായിരുന്നു ധരിപ്പിച്ചിരുന്നത്. താമസസ്ഥലത്തും അയൽക്കാരെയും ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. പാലക്കാട് അയൽക്കാരുടെ സുഹൃത്തിന് 37000 രൂപ ശമ്പളത്തിൽ തന്റെ പിഎ ആക്കാമെന്ന് പറഞ്ഞ് 3 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഇയാളെ ഡ്രൈവറായി കൂടെ കൂട്ടുകയായിരുന്നു.ചെക് പോസ്റ്റിലും മറ്റും ഇയാളൊടൊപ്പം പോയി വാഹന പരിശോധനക്കെന്ന രീതിയിൽ കാത്തു കിടന്നായിരുന്നു വിശ്വാസ്യത നേടിയെടുത്തത്.
തന്റെ ആശ്രിതരെന്ന രീതിയിൽ മാതാപിതാക്കളെയും കൂടെ താമസിപ്പിച്ച് നാട്ടിലും വിശ്വാസ്യത നേടിയാണ് വൈക്കം സ്വദേശിയെ കഴിഞ്ഞ മാസം വിവാഹം കഴിച്ചത്. ഇന്നലെ വൈകിട്ട് ജോലി വാഗ്ദാനം ചെയ്തയാൾ തട്ടിപ്പ് മനസിലാക്കി വൈക്കത്തെത്തി നഗരത്തിൽ വച്ച് തർക്കമുണ്ടായതോടെയാണ് ഇവർ പിടിയിലായത്. പോലീസ് ഇടപെട്ടതോടെ ഇവർ എട്ടു പവനോളം വരുന്ന വിവാഹ സ്വർണ്ണാഭരണങ്ങൾ നൽകി പരാതി ഒഴിവാക്കി. എന്നാൽ ഭർത്താവ് അഖിലിന്റെ പിതാവിന്റെ പരാതി പ്രകാരം ആൾമാറാട്ടത്തിനും വിശ്വാസവഞ്ചനക്കും കേസെടുത്ത് വൈക്കം പൊലീസ് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.
കോതമംഗലത്ത് കെഎസ്ആർടിസി ജോലിക്കാരനുമായി ഇവർക്ക് അവിഹിത ബന്ധവും പണമിടപാടും ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. പാലക്കാട്ടുംമറ്റു സ്ഥലങ്ങളിലും മറ്റാർക്കെങ്കിലും തട്ടിപ്പുമായി ബന്ധമുണ്ടൊ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വിവാഹ തട്ടിപ്പിൽ അഷിതയുടെ മാതാപിതാക്കളും പ്രതിയാണ്. പലരിൽ നിന്നായി അരകോടിയിലധികം രൂപ ഇവർ തട്ടിയെടുത്തതായി കണ്ടെത്തിയെങ്കിലും പരാതിയില്ലെന്ന് പോലീസ് പറഞ്ഞു.