വൈക്കം കിഴക്കേനട സർവീസ് സഹകരണ ബാങ്കിൽ നിന്ന് പെൻഷൻ തുക തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കാൻ പാർട്ടി തീരുമാനം. വൈക്കം ടൗൺ ലോക്കൽ കമ്മറ്റിയാണ് ബാങ്ക് ഡയറക്ടർ ബോർഡ് വൈസ് പ്രസിഡന്റുകൂടിയായ എ.വി.അജേഷിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.
മരിച്ചയാളുടെയുൾപ്പെടെ പേരിൽ ക്ഷേമപെൻഷനുകൾ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്ന ആരോപണത്തെത്തുടർന്നാണ് ബാങ്ക് ഭരണസമിതിയംഗം കൂടിയായ ലോക്കൽ കമ്മറ്റിയംഗത്തിനെതിരെ പാർട്ടി നടപടി. ഏരിയ കമ്മറ്റി അംഗങ്ങളും ജില്ലാ കമ്മറ്റി പ്രതിനിധിയും പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. ഇത് ജില്ലാ കമ്മറ്റിക്ക് റിപ്പോർട്ട് ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. അതേസമയം ലോക്കൽ കമ്മറ്റിയംഗമായ അജേഷിനെതിരെ ഏരിയ കമ്മറ്റിയ്ക്ക് നടപടി എടുക്കാമെന്നിരിക്കെ തീരുമാനം വൈകിപ്പിക്കുന്നത് ബാങ്ക് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പാർട്ടി സമ്മേള നങ്ങൾ നടക്കുന്ന സമയമായതിനാൽ ജില്ലാ കമ്മറ്റിയുടെ തീരുമാനം വൈകാനാണ് സാധ്യത. വൈക്കം ഏരിയ കമ്മറ്റിയിലും ഈ വിഷയത്തിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പോ ബാങ്കോ ഇയാൾക്കെതിരെ നടപടി എടുത്തിട്ടില്ല. റജിസ്ട്രാർ ഓഫിസ് ഉദ്യോഗസ്ഥർ ബാങ്കിൽ തെളിവെടുത്ത് ഒരു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. ബാങ്ക് ഭരണ നേതൃത്വവും ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിരുന്നു.ഇതിനിടെ അജേഷ് തട്ടിയെടുത്ത തുക ബാങ്കിൽ തിരിച്ചടക്കുകയും വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. മനപ്പൂർവമല്ലാത്ത പിഴവാണ് ഉണ്ടായതെന്നും ബാങ്കിന്റെ സൽപേരിനുണ്ടായ കളങ്കത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നുമാണ് വിശദീകരണ കുറിപ്പിൽ പറയുന്നത്. മനോരമ ന്യൂസാണ് ബാങ്ക് ഭരണസമിതി മൂടിവച്ചിരുന്ന തട്ടിപ്പ്, രേഖകൾ സഹിതം പുറത്തുവിട്ടത്.