ബാങ്കുകള്‍ അക്കൗണ്ട് ഉടമയ്ക്ക് അയക്കുന്ന ഒറ്റത്തവണ പാസ് വേര്‍ഡ് പോലും ചോര്‍ത്തിയാണ് ഔണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ പണം വാരുന്നത്. അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പരിന്‍റെ വ്യാജപകര്‍പ്പ് എടുത്താണ് രഹസ്യ പാസ് വേര്‍ഡ് ചോര്‍ത്തുന്നത്. ഇത്തരത്തിൽ കൊച്ചിയിലെ ഒരു വ്യവസായിക്ക് നാലു ദിവസം കൊണ്ട് നഷ്ടമായത് ഇരുപത്തിമൂന്ന് ലക്ഷം രൂപ.
ഈ ഒറ്റത്തവണ പാസ് വേര്‍ഡ് അഥവാ ഒടിപി ഓണ്‍ലൈന്‍ വഴിയുള്ള ഇടപാടുകളില്‍ പണം നല്‍കാനുള്ള അന്തിമ പരിശോധനയാണ്. അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പരിലേക്ക് എത്തുന്ന ഈ പാസ് വേര്‍ഡ് ചോരില്ല. എന്നാല്‍ ഇതും ചോര്‍ത്തിയാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ ബാങ്കുകളെ വെല്ലുവിളിക്കുന്നത്. കൊച്ചിയിലെ വ്യവസായിയായ ചെറിയാൻ സി കരിപ്പാപ്പറമ്പിലിന്‍റെ അക്കൗണ്ടുമായി ബന്ധിച്ചിരിക്കുന്ന മൊബൈല്‍ ഫോണിലേക്ക് വന്ന രഹസ്യപാസ് വേര്‍ഡ് ചോര്‍ത്തി വ്യാജന്‍മാര്‍ തട്ടിയത് ഇരുപത്തി മൂന്നു ലക്ഷം രൂപയാണ്. ഇതിനായി ഇതേനമ്പരില്‍ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡെടുത്താണ് തട്ടിപ്പ് നടത്തിയത്. നാലു ദിവസം കൊണ്ട് സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകളിൽ നിന്നായാണ് പണം നഷ്ടമായത്. അക്കൗണ്ടിൽ നിന്ന് പണം നഷ്ടപെട്ടതിന്‍റെ തലേ ദിവസം ചെറിയാന്‍റ ഫോണ്‍ നിശ്ചലമായി.
നഷ്ടപെട്ട പണം മുഴുവൻ മഹാരാഷ്ട്രയിലെയും പശ്ചിമബംഗാളിലെയും അക്കൗണ്ടുകളിലേക്കാണ് പോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ബാങ്കുകള്‍ തയാറായില്ല. ഇതിനെതിരെ ചെറിയാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഉപഭോക്താവ് എത്രമാത്രം ജാഗ്രത പുലര്‍ത്തിയാലും അക്കൗണ്ടില്‍ നിന്ന് പണം കവാരാന്‍ തട്ടിപ്പുകാര്‍ക്ക് വഴികള്‍ പലതുണ്ടെന്നതിന് തെളിവാണ് ഈ സംഭവം. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ ബാങ്കുകളും മൊബൈല്‍ സേവനദാതാക്കളും അടിയന്തര നടപടികള്‍ സ്വീകരിച്ചേ മതിയാകു.