മുല്ലപ്പെരിയാർ അണക്കെട്ടിലെ പുതിയ ചോർച്ച പരിശോധിക്കാൻ മേൽനോട്ട സമിതി ഉപസമിതിക്ക് നിർദേശം നൽകി. ഒക്ടോബർ രണ്ടാംവാരം ഉപസമിതി അംഗങ്ങൾ അണക്കെട്ടിൽ പരിശോധന നടത്തും. സമിതികളുടെ വീഴ്ച സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ കേരളം തീരുമാനിച്ചതോടെയാണ് അടിയന്തിര ഇടപെടൽ.
ഒടുവിൽ കേരളത്തിന്റെ സമ്മർദം ലക്ഷ്യംകണ്ടു. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാൻ ആദ്യം ഉപസമിതിയും പിന്നാലെ മേൽനോട്ട സമിതിയും മുല്ലപ്പെരിയാറിലെത്തും. ഒക്ടോബർ 10, 11 തീയതികളിലായിരിക്കും കേന്ദ്ര ജലകമ്മിഷൻ അംഗം വി. രാജേഷ് ചെയർമാനായ ഉപസമിതി അണക്കെട്ട് സന്ദർശിക്കുക. പുതുതായി രൂപപ്പെട്ട ചോർച്ച പരിശോധിക്കുന്ന സംഘം സ്പിൽവെ ഷട്ടറുകളുടെ പ്രവർത്തനവും വിലയിരുത്തും. ചോർച്ചയെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് മേൽനോട്ട സമിതിയുടെ നിർദേശം. ഇരു സംസ്ഥാനങ്ങളുടെയും രണ്ട് വീതം പ്രതിനിധികളും ഉപസമിതിയിലുണ്ട്. അണക്കെട്ടിൽ പുതിയ ചോർച്ച കണ്ടെത്തിയ വിവരം കേരളത്തിന്റെ ഉദ്യോഗസ്ഥർ ഞായറാഴ്ചയാണ് കേന്ദ്ര ജലകമ്മിഷനെയും മേൽനോട്ട സമിതിയെയും അറിയിച്ചത്.
ഉപസമിതി അംഗം കൂടിയായ എക്സിക്യൂട്ടിവ് എഞ്ചിനീയർ ജോർജ് ഡാനിയലിന്റെ നേതൃത്വത്തിലാണ് അണക്കെട്ടിൽ പരിശോധന നടത്തിയത്. ചോർച്ച ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ മേൽനോട്ട സമിതിയുടെ ഇടപെടൽ. ജലനിരപ്പ് 125 അടിപിന്നിടുമ്പോൾ സമിതി അംഗങ്ങൾ ഓരോ ആഴ്ചയും അണക്കെട്ട് സന്ദർശിച്ച് സുരക്ഷാപരിശോധന നടത്തണമെന്നാണ് സുപ്രീംകോടതി നിർദേശം. ഇത്തവണ ജലനിരപ്പ് 128 അടിപിന്നിട്ടിട്ടും സമിതി അംഗങ്ങൾ പരിശോധനയ്ക്കെത്തിയില്ല. ഇത് അടുത്ത ദിവസം കേരളം സുപ്രീംകോടതിയിൽ ചൂണ്ടികാട്ടും.