വരൾച്ച രൂക്ഷമായ തമിഴ്നാട്ടിലെ കൃഷിയിടങ്ങളിലേക്ക് മുല്ലപ്പെരിയാറിൽ നിന്നും വെള്ളം നൽകി തുടങ്ങി. കമ്പം മേഖലയിലെ നെൽപാടങ്ങളിലേയ്ക്ക് 200ഘനയടി വീതം വെള്ളം 120 ദിവസത്തേയ്ക്ക് നൽകാനാണ് തീരുമാനം. വെള്ളം ലഭിക്കാത്തതിനെ തുടർന്ന് പതിനയ്യായിരം ഏക്കേറിലെ നെൽകൃഷിയാണ് കമ്പത്ത് നശിച്ചത്.
മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തമിഴ്നാട്ടിലെ കൃഷിയിടങ്ങളിൽ മുല്ലപ്പെരിയാറിലെ ജലമെത്തുന്നത്. കൊടുംവേനലിൽ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ കൃഷി ആവശ്യങ്ങൾക്ക് വെള്ളം നൽകേണ്ടതില്ലെന്ന് തമിഴ്നാട് സർക്കാർ തീരുമാനിച്ചു. പതിനയ്യായിരം ഏക്കറിലെ നെൽകൃഷി വെള്ളം ലഭിക്കാതെ നശിച്ചു. ഇത് തമിഴ്നാട്ടിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. എന്നിട്ടും കുടിവെള്ളത്തിനാവശ്യമായ വെള്ളം മാത്രമാണ് തമിഴ്നാട് നൽകിയത്. കഴിഞ്ഞ രണ്ടാഴ്ച പെയ്ത കനത്ത മഴയിൽ ജലനിരപ്പ് 128 അടിയിലെത്തിയതോടെയാണ് കൂടുതൽ വെള്ള തുറന്നുവിടാനുള്ള തീരുമാനം. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം നേരിട്ടെത്തിയാണ് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടത്. രണ്ടാംഘട്ട കൃഷിയിറക്കിയ കർഷകർക്ക് ഏറെ ആശ്വാസം പകരുന്നതാണ് തീരുമാനം.
നേരത്തെ വൈദ്യുതി ഉൽപ്പാദനത്തിനായി തമിഴ്നാട് ഇവിടെ നിന്ന് 1200 ഘനയടി വെള്ളം കൊണ്ടുപോയിരുന്നു. എന്നാൽ ഈ വെള്ളം കാർഷിക ആവശ്യങ്ങൾക്ക് നൽകിയിരുന്നില്ല. ഇന്നലെ മുതൽ ലോവർക്യാമ്പിൽ നിന്ന് പ്രത്യേക കനാൽ വഴി കൃഷിയിടങ്ങളിലേയ്ക്ക് വെള്ളം തിരിച്ചുവിട്ടു. മഴ ശക്തമായാൽ കൂടുതൽ വെള്ളം തുറന്നുവിടാനാണ് തമിഴ്നാടിന്റെ തീരുമാനം.