മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ സുപ്രധാന നീക്കങ്ങൾ തമിഴ്നാടിന് ചോർത്തി നൽകുന്നതായി സൂചന. ഹൈറേഞ്ചിൽ പ്രവർത്തിക്കന്ന ജലവിഭവ വകുപ്പിന്റെ ഓഫിസിൽ നിന്നാണ് വിവരങ്ങൾ ചോരുന്നതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ചാരൻമാരെ കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിൽ സന്ധിയില്ലാ പോരാട്ടം തുടരുന്നതിനിടെയാണ് സുപ്രധാന വിവരങ്ങൾ ചോർന്നത്. അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചെറിയ നീക്കങ്ങൾപോലും കൃത്യമായി തമിഴ്നാട് ക്യാംപിലെത്തുന്നുണ്ട്. മേൽനോട്ട സമിതിയിലും ഉപസമിതി യോഗങ്ങളിലും കേരളം ഉന്നയിക്കുന്ന കാര്യങ്ങൾ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർ കൃത്യമായി പ്രതിരോധിക്കുന്നതാണ് സംശയത്തിനിടയാക്കിയത്.
സമിതികളുടെ പരിശോധന വൈകുന്നതുൾപ്പടെ സുപ്രീംകോടതിയെ അറിയിക്കാനുള്ള കേരളത്തിന്റെ നീക്കവും തമിഴ്നാട് മണത്തറിഞ്ഞു. അതിന് മുൻപത് തന്നെ അണക്കെട്ടിൽ പരിശോധന നടത്തി തമിഴ്നാട് കേരളത്തിന്റെ ആരോപണങ്ങളുടെ മുനയൊടിച്ചു. ആറ് മാസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്ന ഹൈറേഞ്ചിലെ ജലവിഭവ വകുപ്പിന്റെ ഓഫിസിലാണ് ചാരൻമാരെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ കൃത്യമായ വിവരങ്ങൾ മേലുദ്യോഗസ്ഥർക്കും കൈമാറിയിട്ടുണ്ട്.് ഇവരെ സ്ഥലംമാറ്റി ഉന്നതതല അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജലവിഭവ വകുപ്പ് ഉദ്യോഗസ്്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗവും പരിശോധന ആരംഭിച്ചു. സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഉദ്യോഗസ്ഥർ നിലവിൽ കർശന നിരീക്ഷണത്തിലാണ്. തുലാമഴയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതോടെ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം മുറുകും. കേരളത്തിന്റെ ഉദ്യോഗസ്ഥർ അണക്കെട്ടിൽ പരിശോധന നടത്തി ദിനംപ്രതി റിപ്പോർട്ട് സമർപ്പിക്കും. ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുന്ന ഈ റിപ്പോർട്ടുകൾ ചോർത്താനും തമിഴ്നാട് പദ്ധതിയിട്ടിരുന്നു.