മുല്ലപ്പെരിയാർ അണക്കെട്ടിൽ ബേബി ഡാമിന് താഴെ വെള്ളംകെട്ടി നിൽക്കുന്നത് പരിശോധിക്കാൻ ഉപസമിതിയുടെ നിർദേശം. അണക്കെട്ടിന്റെ ബലക്ഷയമൂലമുള്ള ചോർച്ചയാണിതെന്ന് കേരളം ചൂണ്ടികാട്ടിയതിനെ തുടർന്നാണ് നടപടി. അണക്കെട്ടിലെ സ്പിൽവെ ഷട്ടറുകളുടെ പ്രവർത്തനം സംബന്ധിച്ച രൂപരേഖ സമർപ്പിക്കാൻ തമിഴ്നാടിനും നിർദേശം നൽകി.
അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സന്ദർഭങ്ങളിലെല്ലാം ബേബിഡാമിന്റെ കെട്ടിന് അടിയിലൂടെ വെള്ളം പുറത്തേക്കൊഴുകാറുണ്ട്. വെള്ളം തളംകെട്ടി നിന്ന് ഇവിടെ ചതുപ്പ് രൂപപ്പെട്ടു. ബേബി ഡാമിന്റെ അടിതട്ടിലെ സുർക്കി ഒലിച്ച് ചോർച്ച വർധിച്ചതായി കേരളം നേരത്തെ ചൂണ്ടികാട്ടിയിരുന്നു. ചൊവ്വാഴ്ച ചേർന്ന ഉപസമിതി യോഗത്തിൽ കേരളം വീണ്ടും ആശങ്ക പങ്കുവെച്ചതോടെയാണ് ഇത് പരിശോധിക്കാൻ ഉപസമിതി നിർദേശിച്ചത്. അടുത്ത സന്ദർശനത്തിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കേന്ദ്ര ജലകമ്മിഷൻ അംഗം വി.രാജേഷ് അധ്യക്ഷനായ സമിതിയാണ് അണക്കെട്ടിൽ പരിശോധന നടത്തിയത്. തുലാവർഷത്തിന് മുൻപായി സ്പിൽവേയിലെ ഷട്ടറുകളുടെ പ്രവർത്തനം സംബന്ധിച്ച രൂപരേഖ നൽകാനാണ് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഒന്നര വർഷമായി കേരളം ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും തമിഴ്നാട് ഇതിന് തയ്യാറായില്ല. അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യം ഉണ്ടായാൽ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ചുളള വിവരങ്ങളാണ് രൂപരേഖയിൽ ഉൾപ്പെടുത്തേണ്ടത്. അണക്കെട്ടിലെ പല ഉപകരണങ്ങളും പ്രവർത്തനക്ഷമമല്ലെന്ന് കേരളം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി തമിഴ്നാട് നൽകിയില്ല. പ്രധാന അണക്കെട്ടും ബേബി ഡാമും സ്പിൽവേ ഷട്ടറുകളും സമിതി പരിശോധിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 122.7 അടിയിലേക്ക് താഴ്ന്നതോടെ അടുത്തയാഴ്ച മേൽനോട്ട സമിതി നടത്താനിരുന്ന പരിശോധന മാറ്റിവച്ചു.