തമിഴ്നാട്ടിലെ മഹാബലിപുരം ശില്‍പങ്ങള്‍ കൊണ്ട് നിറഞ്ഞ പ്രദേശമാണ്. ശില്‍പകലയുടെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഇടം. ശില്‍പങ്ങളും കരിങ്കല്ലിലെ കൊത്തുപണികളുമാണ് വിനോദ സഞ്ചാരികളെ ഇങ്ങോട്ടാകര്‍ഷിക്കുന്നത്.
ചെന്നൈ നഗരത്തില്‍ നിന്നും അറുപത് കിലോമീറ്റര്‍ അകലെ പോണ്ടിച്ചേരി റോഡില്‍ കടല്‍ തീരത്തുള്ള ശില്‍പ നഗരം. പാറക്കല്ലുകളില്‍ കൊത്തിയുണ്ടാക്കിയ ചെറുതും വലുതുമായ ശില്‍പങ്ങള്‍, വലിയ പാറക്കെട്ടുകള്‍ അങ്ങനെ കണ്ണെടുക്കാന്‍ തോന്നാത്ത അപൂര്‍വ ശില്‍പ സൗന്ദര്യമാണ് മഹാബലിപുരം. കൂട്ടിന് മഴയുണ്ടെങ്കില്‍ കാഴ്ചയുടെ ഭംഗിയേറും. ക്യാമറ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ മൊബൈലിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഗുഹാ ക്ഷേത്രങ്ങളും, ഒറ്റക്കല്‍ മണ്ഡപങ്ങളുമൊക്കെ ഇവിടുത്തെ പ്രത്യേകതയാണ്. മണ്ഡപങ്ങളുടെ ചുമരുകളില്‍ കൊത്തിയുണ്ടാക്കിയ ചിത്രകല കൗതുകമുണര്‍ത്തുന്ന കാഴ്ചാനുഭവം സമ്മാനിക്കും. അത്രയധികം സൂഷ്മതയോടെയാണ് ഓരോ ചിത്രങ്ങളും മിനുക്കിയെടുത്തത്. ബുദ്ധമതവുമായും ഹിന്ദു സംസ്കാരവുമായും ബന്ധപ്പെട്ടുള്ള ചിത്രങ്ങളാണ് ഏറെയും. ചെങ്കുത്തായ കയറ്റം, അതിന് മകളില്‍ ചെറുതും വലുതുമായ മണ്ഡപങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍, കല്ലു കുഴിച്ചുണ്ടാക്കിയ കുളങ്ങള്‍, പുരാണ കഥാപാത്രങ്ങളുടെയടക്കം ശില്‍പങ്ങള്‍ അങ്ങനെ കരിങ്കല്‍ ശില്‍പങ്ങളുടെ സൗന്ദര്യം മങ്ങലേല്‍ക്കാതെ നില്‍ക്കുകയാണ് മഹാബലിപുരത്ത്.
പല്ലവ രാജവംശത്തിന്‍റെ ശില്‍പകലാ പ്രാവീണ്യത്തിന്‍റെ ആഴവും പരപ്പും മഹാബലിപുരം പറഞ്ഞുതരും. രഥങ്ങളും അതിനൊപ്പമള്ള വലിയ ആനയും സിംഹവുമെല്ലാം എത്ര കാലമെടുത്ത് കൊത്തിയുണ്ടാക്കിയതാണെന്ന് നാം ചിന്തിച്ചുപോകും. ശില്‍പങ്ങള്‍ക്കെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെങ്കിലും എല്ലാം ഒരു കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണോ എന്ന് ഇപ്പൊഴും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ വലിയ ഉരുണ്ട പാറ നില്‍ക്കുന്നത് ഒരു ചെറിയ പോയന്‍റിലാണ്. ബട്ടര്‍ ബോള്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ വരുന്നവരെല്ലാം കൗതുകത്തോടെ അതിങ്ങനെ തള്ളിയിടാന്‍ ശ്രമിക്കും.
നടന്നു നടന്ന് നമ്മള്‍ കടലിനടുത്തെത്തും. കടലിനെയും ക്ഷേത്രങ്ങളും വേര്‍തിരിക്കുന്ന വലിയ പാറ മതിലുകളുണ്ട്. എങ്കിലും തിരമാലകള്‍ നമ്മിലേക്ക് ഓടിക്കിതച്ചെത്തിക്കൊണ്ടേയിരിക്കും. സീ ഷോര്‍ ടെംപിള്‍ എന്ന വിഷ്ണു ക്ഷേത്രം ഇവിടുത്തെ മറ്റൊരു കാഴ്ചാനുഭവമാണ്. ഈ ക്ഷേത്രമാണ് ശില്‍പങ്ങളയെല്ലാം സംരക്ഷിക്കുന്നതെന്നാണ് ഉവിടുത്തുകാരുടെ വിശ്വാസം. സമീപത്തുള്ള മറ്റൊരു കരിങ്കല്‍ ക്ഷേത്രം കടലില്‍ മുങ്ങിയെന്നും ചില വേലിയിറക്കങ്ങളില്‍ അതിന്‍റെ മേല്‍ഭാഗം കാണാറുണ്ടെന്നും ഇവിടുള്ളവര്‍ പറഞ്ഞു. ദിവസവും ആയിരക്കണക്കിന് പേരാണ് ഇവിടെയെത്തുന്നത്.
അര്‍ജുനന്‍റെ തപസ്, വരാഹ ഗുഹാ ക്ഷേത്രം, ഗണേശ മണ്ഡപം തുടങ്ങിയവയെല്ലാം കാണേണ്ടതുതന്നെയാണ്. പഴമയുടെ കഥ പറയുന്ന ഒരു ലൈറ്റ് ഹൗസ് ഉണ്ടിവിടെ. അതിന് മുകളില്‍ നിന്ന് നോക്കിയില്‍ നഗരം മുഴുവന്‍ കാണാം.
ഒറ്റക്കല്ലില്‍ തീര്‍ത്ത ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശില്‍പവും ഇവിടെയാണ്. തലയെടുപ്പോടെ നില്‍ക്കുന്ന പഞ്ചപാണ്ഡവരുടെ രഥങ്ങള്‍ ശില്‍പകലയോട് അടങ്ങാത്ത സ്നേഹം തോന്നിപ്പിക്കും..ചാറ്റല്‍ മഴ വിട്ടുമാറാത്ത സമയത്താണ് ഞങ്ങളിവിടെ വന്നത്. അതുകൊണ്ടുതന്നെ മഹാബലിപുരം നനഞ്ഞു കുളിച്ചുനില്‍ക്കുന്ന അപൂര്‍വ കാഴ്ചയാണ് കാണാനായത്.