മെഡിക്കല്‍ പ്രവേശനത്തിന് രാജേന്ദ്രകമ്മിറ്റി തീരുമാനിച്ച ഫീസ് അംഗീകരിക്കില്ലെന്ന് കെ.എം.സി.ടി. മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ്. 4.8 ലക്ഷമായാണ് സമിതി ഈ വര്‍ഷത്തെ ഫീസ് ഏകീകരിച്ചത്. സമിതിയുടെ തീരുമാനത്തിനെതിരെ കോളജ് ഹൈക്കോടതിയെ സമീപിക്കുമെന്നും എം.ഡി. ഡോ.കെ. എം. നവാസ് മനോരമ ന്യൂസിനോട് പറഞ്ഞു.
12 ലക്ഷമെങ്കിലും ഫീസ് ലഭിക്കണമെന്ന നിലപാടില്‍ കോളേജ് മാനേജ്മെന്റ് ഉറച്ച് നില്‍ക്കുകയാണ്. സമിതി തീരുമാനിച്ച ഫീസുമാത്രം ഈടാക്കിയാല്‍ കോളജ് പൂട്ടേണ്ടിവരും.മാനേജ്മെന്റിന്റെ വാദങ്ങള്‍ പരിഗണിക്കാതെയാണ് നിലവില്‍ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. വരുമാനം നോക്കി ഫീസ് നിശ്ചയിച്ച സമിതി ചെലവ് കൂടി കണക്കിലെടുക്കണം.
150വിദ്യാര്‍ഥികളാണ് കെഎംസിടിയില്‍ പഠിക്കുന്നത്.രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ആദ്യഫീസിനെതിരെ തന്നെ മാനേജ്മെന്റ് രംഗത്തെത്തിയതോടെ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്.മറ്റ് 20 കോളേജുകളുടെ ഫീസ് കമ്മിറ്റി നിശ്ചയിക്കാനിരിക്കെയാണ് കെഎംസിടി കോടതിയെ സമീപിക്കുന്നത്.കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷം ഫീസും പത്ത് ലക്ഷം ഡിപ്പോസിറ്റുമാണ് കോളേജ് വാങ്ങിയിരുന്നത്.ഇത് നാല് ലക്ഷത്തി പതിനയ്യായിരമാക്കി കമ്മിറ്റി പുനര്‍നിശ്ചയിച്ചു. അഞ്ചുലക്ഷത്തി അന്‍പത്തി നാലായിരം രൂപയാണ് അടുത്ത വര്‍ഷ ഫീസ് തീരുമാനിച്ചിരിക്കുന്നത്.