കൊച്ചിയുടെ നഗരഹൃദയത്തിലേക്ക് മെട്രോയുടെ കുതിപ്പ്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്‍ മഹാരാജാസ് കോളജ് മൈതാനം വരെയുളള മെട്രോ പാത നാടിന് സമര്‍പ്പിച്ചു. പുതുക്കിയ പദ്ധതി രേഖ സമര്‍പ്പിച്ചാല്‍ കാക്കനാട്ടേക്കുളള മെട്രോ പാതയ്ക്ക് അനുമതി നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി ഉറപ്പു നല്‍കി.
കലൂര്‍ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിലായിരുന്നു ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ്സിങ് പുരിയും ചേര്‍ന്ന് പുതിയ പാതയിലെ കന്നിയാത്രയ്ക്ക് പച്ചക്കൊടി വീശി.
തുടര്‍ന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവുമൊന്നിച്ചൊരു മെട്രോ യാത്ര. പിന്നീട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിലാണ് പുതിയ മെട്രോ നയമനുസരിച്ചുളള പദ്ധതി രേഖ സമര്‍പ്പിച്ചാല്‍ കാക്കനാട്ടേക്കുളള മെട്രോ വികസനത്തിനുളള സാമ്പത്തിക സഹായത്തെ കുറിച്ച് പരിഗണിക്കാമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്. തിരുവനന്തപുരം,കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് കേന്ദ്രസഹായമഭ്യര്‍ഥിച്ച് മുഖ്യമന്ത്രി.
പുതിയ പാതയുടെ ഉദ്ഘാടന ചടങ്ങിലും ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍ താരമായി. കേന്ദ്രമന്ത്രിയടക്കമുളളവര്‍ ശ്രീധരന്‍റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം നിറഞ്ഞ കൈയടിയാണ് സദസില്‍ നിന്നുയര്‍ന്നത്.