ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ച പള്ളിവാസലിലെ പ്ലം ജ്യൂഡി റിസോർട്ട് തുറക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചു. ഉത്തരവ് പിൻവലിച്ച് റിസോർട്ടിൽ ജോലിചെയ്യാൻ അവസരമൊരുക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. മുഖ്യധാര രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണയുമായി രംഗതെത്തി.
വൻ പാറക്കെട്ടുകൾ അടർന്നുവീണ് അപകടസാധ്യത വർധിച്ച സാഹചര്യത്തിലാണ് പള്ളിവാസലിലെ പ്ലംജൂഡി റിസോർട്ട് അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടത്. പ്രകൃതി ദുരന്ത സാധ്യത ഏറെയാണെന്ന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു നടപടി. ജില്ലാ കലക്ടറുടെ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചതോടെ പ്രദേശത്തെ റിസോർട്ടുകളെല്ലാം റവന്യൂ വകുപ്പ് പൂട്ടി. വിശദമായ പരിശോധനകൾക്ക് ശേഷം ദുരന്ത നിവാരണ അതോറിട്ടിയുടെ അനുമതി കിട്ടിയാൽ മാത്രമെ റിസോർട്ടുകൾ ഇനി തുറക്കാനാവൂ. ജോലി നഷ്ടപ്പെട്ട ജീവനക്കാരാണ് സമരം ആരംഭിച്ചിട്ടുള്ളത്. പ്ലംജൂഡി റിസോർട്ട് തുറക്കണമെന്നും നഷ്ടപ്പെട്ട ജോലി തിരികെ കിട്ടാൻ സാഹചര്യം ഒരുക്കണമെന്നുമാണ് ആവശ്യം. സമരത്തിന് പിന്തുണയുമായെത്തിയ സിപിഎം കോൺഗ്രസ് നേതാക്കൾ സർക്കാരിനെയും റവന്യൂ വകുപ്പിനെയും രൂക്ഷമായി വിമർശിച്ചു.
ദേവികുളം ആർ ഡി ഒ ഓഫിസിലേക്ക് മാർച്ചും മൂന്നാർ ടൗണിൽ ഭിക്ഷാടന സമരവും നടത്തിയ ജീവനക്കാർ നിരാഹരസമരത്തിന് തയ്യാറെടുക്കുകയാണ്. ആരംഭിക്കാനാണ് തീരുമാനം. മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം. വരും ദിവസങ്ങളിൽ മറ്റു റിസോർട്ടുകളിലെ ജീവനക്കാരെയും പങ്കെടുപ്പിച്ച് സമരം ശക്തിപ്പെടുത്താനാണ് നേതാക്കളുടെ തീരുമാനം.