എം.ജി രാജമാണിക്യത്തെ എം.ഡി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ കെ.എസ്.ആർ.ടി.സിയില്‍ പിടിമുറുക്കാനൊരുങ്ങി ഗതാഗതമന്ത്രി. നിലവിൽ ചീഫ് ലോ ഒാഫീസറിരിക്കെ ചട്ടംലംഘിച്ച് നിയമവകുപ്പിൽ നിന്ന് മറ്റൊരാളെക്കൂടി ലോ ഒാഫീസറായി നിയമിച്ചു. ശമ്പളവും പെൻഷനും കൊടുക്കാൻ പണമില്ലാതെ നട്ടം തിരിയുമ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ അധികബാധ്യതയുണ്ടാക്കുന്ന വഴിവിട്ട നിയമനം.
രാജമാണിക്യം എം.ഡിയായിരിക്കെ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും കൈകടത്താൻ മന്ത്രിയുടെ ഒാഫീസിനെ അനുവദിച്ചിരുന്നില്ല. ഇതെത്തുടർന്ന് സെക്രട്ടേറിയറ്റിലെ സീനിയർ സെക്രട്ടറി ജോകോസ് പണിക്കരെ കെ.എസ്.ആർ.ടി.സിയിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസറായി നിയമിക്കാൻ ശ്രമിച്ചെങ്കിലും എം.ഡി തടയിട്ടു. എന്നാൽ രാജമാണിക്യം പോയതോടെ മന്ത്രിയുടെ ഒാഫീസ് പിടിമുറുക്കി. നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി വി.എം ചാക്കോയെ കഴിഞ്ഞദിവസം ചീഫ് ലോ ഒാഫീസറായി നിയമിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി ട്രെയിനിങ് സ്കൂൾ പ്രിൻസിപ്പൽ ഡി.ഷിബുകുമാറാണ് ചീഫ് ലോ ഒാഫീസർ തസ്തികയിലുള്ളത്. ഷിബുകുമാറിന് മറ്റൊരു ചുമതല നൽകിയപ്പോൾ എസ്.രാധാകൃഷ്ണൻ എന്നയാൾക്ക് ലോ ഒാഫീസറുടെ അധികചുമതല നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ ഒരു തസ്തികയിൽ മൂന്നുപേർക്ക് ശമ്പളം കൊടുക്കേണ്ട അവസ്ഥ.
ലോ ഒാഫീസറെ നിയമിക്കണമെന്ന് ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടിട്ടില്ല. കെ.എസ്.ആർ.ടി.സിയിൽ യോഗ്യരായവരുള്ളപ്പോഴും ബോർഡ് ആവശ്യപ്പെടാതെയും പുറത്തുനിന്ന് ആളെ നിയമനം പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തെ ചുമതലേൽക്കാതിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ ഉൾപ്പടെ മറ്റ് പലരും വരും ദിവസങ്ങളിൽ ഡെപ്യൂട്ടേഷനിൽ എത്തുന്നതോടെ കെ.എസ്.ആർ.ടി.സിയിയുടെ സാമ്പത്തിക ബാധ്യത കൂടും. പുതിയ എം.ഡി ചുമതലയേൽക്കുന്നതിന് മുമ്പേ ഭരണതലത്തിൽ പരമാവധി ആളുകളെ തിരുകികയറ്റുകയാണ് മന്ത്രിയുടെ ഒാഫീസിന്റ ലക്ഷ്യം.