വിഴിഞ്ഞം തുറമുഖത്തെ പൈലിങ് മൂലം വീടുകൾക്ക് നാശമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് അദാനി ഗ്രൂപ്പ്. സമരം മൂലം തുറമുഖ നിർമാണം തടസപ്പെട്ടതിൽ കമ്പനി ആശങ്ക പ്രകടിപ്പിച്ചു. നിർമാണം തടസപ്പെടുത്തുന്നത് പദ്ധതിയുടെ പ്രതിഛായയെ ബാധിക്കുമെന്നും വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ സന്തോഷ് കുമാർ മഹാപത്ര മനോരമ ന്യൂസിനോട് പറഞ്ഞു. പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്.
സമരം മൂലം രണ്ടുദിവസം തുറമുഖനിർമാണം തടസപ്പെട്ട സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം. പൈലിങ്ങുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നാട്ടുകാരുമായി ചർച്ചയ്ക്ക് തയ്യാറാണ്. രണ്ടുമാസം മുമ്പ് നടത്തിയ പരീക്ഷണ പൈലിങ്ങാണ് വീടുകളുടെ കേടുപാടിന് കാരണമെന്ന് വിദഗ്ധസമിതി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകാൻ തയ്യാറാണ്.
തുറമുഖനിർമാണം തടസപ്പെടുത്താൻ മാത്രമുള്ള പ്രശ്നങ്ങളില്ലെന്നാണ് കരുതുന്നത്. സമരം മൂലം നിർമാണം നിർത്തുന്നത് പദ്ധതിയെ ബാധിക്കും. ചർച്ച ചെയ്യുന്നതിന് പകരം നിർമാണം തടസപ്പെടുത്തുന്നതിന് ന്യായീകരണമില്ല. ഇത്തരം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്നും സി.ഇ.ഒ പറഞ്ഞു.
ചിലർ നിർമാണം തടസപ്പെടുത്താൻ ശ്രമിച്ചത് വേദനാജനകമാണ്. നഷ്ടം വളരെ വലുതാണ്. ഇത്തരം പദ്ധതികൾ സമയബന്ധിതമായി തീർക്കേണ്ടതുണ്ട്
നിലവിലെ പ്രശ്നങ്ങളിലുള്ള ആശങ്ക കമ്പനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സമരക്കാർ ഉന്നയിച്ചിരിക്കുന്ന നഷ്ടപരിഹാരപാക്കേജ് അടക്കമുള്ള മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനേ സാധിക്കൂ.