ജനജാഗ്രതാ യാത്രയില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ പങ്കെടുക്കാഞ്ഞതിനെ ന്യായീകരിച്ച് സിപിഎം. ജില്ലയിലെ നാല് എംഎല്‍എമാരും പങ്കെടുത്തിട്ടില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ന്യായീകരണം. ആരോപണങ്ങളെത്തുടര്‍ന്ന് അന്‍വറിനെ മാറ്റിനിര്‍ത്തിയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
ജനജാഗ്രതായാത്ര നിലമ്പൂരിലെത്തിയപ്പോൾ സ്വീകരിക്കാൻ സ്ഥലം എം.എൽ.എ. പി.വി. അൻവറുണ്ടിയിരുന്നില്ല. വാട്ടർ തീം പാർക്ക് വിവാദത്തിന്റെ പേരില്‍ പി.വി. അൻവറിനെ മാറ്റി നിർത്തിയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. കൊടുവളളിയിൽ സ്വർണക്കടത്തുകേസ് പ്രതിയുടെ കാറിൽ സഞ്ചരിച്ചതു പോലെയുളള വിവാദങ്ങൾ ഒഴിവാക്കാനാണ് ഈ നടപടിയെന്നും ആക്ഷേപമുയർന്നു. എന്നാൽ മാലിദ്വീപിയിൽ ആയിരുന്നൂവെന്നും മടക്കയാത്രയുടെ വിമാനം റദ്ദാക്കിയതുകൊണ്ടാണ് പങ്കെടുക്കാന്‍ കഴിയാതെ വന്നതെന്നും പി.വി. അൻവർ പ്രതികരിച്ചു.
വിദേശത്തായതുകൊണ്ട് താനൂർ എം.എൽ.എ വി. അബ്ദുറഹിമാനും ജാഥയെ സ്വീകരിക്കാൻ താനൂരിലുണ്ടായിരുന്നില്ല. ജോലിത്തിരക്കിനിടയിൽ മന്ത്രി കെ.ടി. ജലീലിനും സ്വന്തം മണ്ഡലത്തിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറിയെ സ്വീകരിക്കാനായില്ല. സ്പീക്കറായതുകൊണ്ട് പൊന്നാനി എം.എൽ.എ. പി. ശ്രീരാമകൃഷ്ണനും പരിപാടിയിൽ പങ്കെടുത്തില്ല. ചുരുക്കിപ്പറഞ്ഞാൽ മലപ്പുറം ജില്ലയിൽ നിന്നുളള നാല് ഇടതു എം.എൽ.എമാരും പങ്കെടുക്കാത്തതുകൊണ്ട് വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് സി.പി.എം പക്ഷം.