തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ അബ്രാഹ്മണ ശാന്തിക്കാരൻ യദുകൃഷ്ണനെതിരെ പരാതിയുമായി ബ്രാഹ്മണശാന്തിമാർ. പൂജകൾക്ക് മുടക്കം വരുത്തിയെന്നുകാണിച്ച് തിരുവല്ല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കേരള ശാന്തിക്ഷേമ യൂണിയൻ പരാതി നൽകി. എന്നാൽ ആരോപണങ്ങൾ ശരിയല്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും യദുകൃഷ്ണനും പ്രതികരിച്ചു.
അബ്രാഹ്മണനായ യദുകൃഷ്ണൻ തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ ചരിത്രപരമായ തീരുമാനത്തിലൂടെ പൂജാരിയായി സ്ഥാനമേറ്റ് ഒരു മാസം തികയും മുൻപേയാണ് ആരോപണം ഉയർന്നിരിക്കുന്നത്. തിരുവല്ലയ്ക്കടുത്ത് വളഞ്ഞവട്ടം മഹാശിവക്ഷേത്രത്തിലായിരുന്നു യദുകൃഷ്ണൻ ശാന്തിയായി ചുമതലയേറ്റത്. ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട ശാന്തിമാരുടെ കൂട്ടായ്മയായ കേരള ശാന്തിക്ഷേമ യൂണിയനാണ് യദുകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.. അമ്പലത്തിൽ വരുന്നതിൽ മുടക്കം വരുത്തിയെന്നും ചില ദിവസങ്ങളിൽ നട തുറന്നത് വൈകിയാണെന്നും കാണിച്ച് ദേവസ്വം ബോർഡ് തിരുവല്ല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർക്ക് പരാതിയും നൽകി. ആരോപണങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തള്ളിക്കളഞ്ഞു.
പൂജാകാര്യങ്ങളിൽ ഒരിക്കലും മുടക്കം വരുത്തിയിട്ടില്ലെന്ന് യദുകൃഷ്ണനും പ്രതികരിച്ചു. യദുകൃഷ്ണൻ അവധിയെുത്ത ദിവസം പകരം വന്ന ശാന്തിക്കാരൻ നട തുറക്കാൻ വൈകിയിരുന്നെന്നും ഇത് അദ്ദേഹത്തിന്റെ അച്ഛന് അപകടം പറ്റിയതുമൂലമാണെന്നും യദുകൃഷ്ണന്‍ പറയുന്നു. എന്നാൽ പരാതിയുമായി മുന്നോട്ട് പോകാനാണ് കേരള ശാന്തിക്ഷേമ യൂണിയന്റെ തീരുമാനം.