തോമസ് ചാണ്ടി വിവാദത്തില്‍ പരിഹാരനീക്കങ്ങള്‍ക്ക് വഴങ്ങാതെ സിപിഐ. പാര്‍ട്ടിക്കും റവന്യൂമന്ത്രിക്കും അഭിമാനക്ഷതമുണ്ടാക്കിയ അഡ്വക്കറ്റ് ജനറലിനെ ശക്തമായി വിമര്‍ശിച്ച് സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വീണ്ടും രംഗത്തുവന്നു. എജിയും സര്‍ക്കാരും തമ്മില്‍ അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ബന്ധം മാത്രമാണുള്ളതെന്ന് കാനം പറഞ്ഞു. മന്ത്രിയെ എജി വെല്ലുവിളിക്കുന്നത് സംസ്ഥാനചരിത്രത്തില്‍ ആദ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു.
റവന്യൂവകുപ്പിന്റെ ഒരു കാര്യത്തിലും അഡ്വക്കറ്റ് ജനറലിന് മേല്‍ക്കൈ നല്‍കരുതെന്ന ഉറച്ച നിലപാടിലാണ് റവന്യൂമന്ത്രിയും സിപിഐ നേതൃത്വവും. ഇതിന്റെ പ്രത്യക്ഷപ്രകടനമാണ് ജനജാഗ്രതാ യാത്ര നയിക്കുന്ന കാനം രാജേന്ദ്രന്റെ ആവര്‍ത്തിച്ചുള്ള വിമര്‍ശനങ്ങള്‍. സര്‍ക്കാരിനുമുകളിലല്ല ഒരു ഉദ്യോഗസ്ഥനുമെന്ന് കാനം വീണ്ടും ഓര്‍മിപ്പിച്ചു.
തോമസ് ചാണ്ടിക്കെതിരായ കേസുകളില്‍ എജി നിയോഗിച്ച സ്റ്റേറ്റ് അറ്റോര്‍ണി ഹാജരാകേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കും. മന്ത്രി നിര്‍ദേശിച്ച രഞ്ജിത് തമ്പാന് കേസ് കൈമാറാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെങ്കില്‍ പുറത്തുനിന്ന് പ്രഗല്‍ഭരായ അഭിഭാഷകരെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടും. എജി തന്നെ ഹാജരാകട്ടെ എന്ന് നിര്‍ദേശം വന്നാല്‍ റവന്യൂമന്ത്രി പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് നിലപാടെടുക്കും. എജിയുടേയും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയുക്കും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന വിലയിരുത്തലാണ് സിപിഐയ്ക്കുള്ളത്. അതേസമയം വിവാദം കയ്യേറ്റക്കാരെ സഹായിക്കാനാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു.
റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ അപമാനിക്കുന്ന രീതിയിലുള്ള നടപടികളിലുള്ള പ്രതിഷേധം സിപിഐ അംഗങ്ങള്‍ മന്ത്രിസഭായോഗത്തിലും മുന്നണിയോഗത്തിലും ഉന്നയിച്ചേക്കും.