thrissur-flood

തൃശൂര്‍, കൊടുങ്ങല്ലൂര്‍ റൂട്ടിലും തൃശൂര്‍ കുന്നംകുളം റൂട്ടിലും വെള്ളക്കെട്ട്മൂലം ഗതാഗതം തടസപ്പെട്ടു. അയ്യന്തോള്‍ പഞ്ചിക്കലില്‍ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി ഡാം നാളെ തുറക്കും.

 

കനത്ത മഴയില്‍ തൃശൂരിന്‍റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. വാഹനങ്ങള്‍ക്കു പോകാന്‍ കഴിയാത്ത രീതിയിലാണ് കണിമംഗലത്തും പുഴയ്ക്കലിലും വെള്ളക്കെട്ട്. ഇതുവഴി വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. പെയ്ത്തു വെള്ളം നിറഞ്ഞ് പാടങ്ങള്‍ കവിഞ്ഞൊഴുകി. റോഡിലേക്കും വെള്ളം എത്തിയതോടെ വാഹന ഗതാഗതം പ്രതിസന്ധിയിലായി. തൃശൂര്‍. കൊടുങ്ങല്ലൂര്‍ റൂട്ടിലെ കണിമംഗലം പാടത്ത് സ്ഥിതി രൂക്ഷമാണ്. തൃശൂര്‍. 

 

കുന്നംകുളം റൂട്ടിലെ പുഴയ്ക്കലിലും വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് വിനയായി. ചെമ്പൂക്കാവ്, കുണ്ടുവാറ മേഖലകളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. അയ്യന്തോള്‍ പഞ്ചിക്കലില്‍ നാട്ടുകാരുടെ പ്രതിഷേധം അരങ്ങേറി. ബണ്ട് പൊട്ടിച്ച് വെള്ളം വിട്ടില്ലെങ്കില്‍ ഒട്ടേറെ വീടുകളിലെ വെള്ളക്കെട്ട് അവസാനിക്കില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് നേരിട്ടെത്തി സമരക്കാരെ കണ്ട് പ്രശ്ന പരിഹാരത്തിന് നിര്‍ദ്ദേശം നല്‍കി. കനത്ത മഴയ്ക്കിടെ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വീണ കെട്ടിടത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ പൊളിച്ചു മാറ്റിയതില്‍ പലവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, വിമര്‍ശനങ്ങള്‍ ശരിയല്ലെന്ന് കോര്‍പറേഷന്‍ മേയര്‍ വ്യക്തമാക്കി.

 

പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ലൂയിസ് വാല്‍വ് ഉയര്‍ത്തി. പീച്ചി ഡാമിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നാളെ രാവിലെ പത്തു മണിയോടെ ഡാം തുറക്കാനാണ് തീരുമാനം.